കാണ്‍പൂര്‍|
VISHNU N L|
Last Modified ശനി, 23 മെയ് 2015 (15:24 IST)
ഭര്‍ത്താവ മരണപ്പെട്ട യുവതിക്ക് ജീവിതം നല്‍കി എന്ന ഒറ്റക്കാരണം കൊണ്ട് ഉത്തരേന്ത്യയില്‍ യുവാവിനെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് ഖാപ് പഞ്ചായത്ത് വിലക്കി. ഉത്തര്‍പ്രദേശിലെ നൗബസ്തയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാല്‍മീകി സമുദായത്തില്‍പെട്ട മിഥുന്‍ വാല്‍മീകി എന്ന യുവാവിനാണ് സമൂഹത്തിന്റെ ദുരാചാരത്തിന് ഇരയാകേണ്ടിവന്നത്. സമൂഹത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് മിഥുനെ നാട്ടുകൂട്ടം അമ്മയുടെ സംസ്‌കാര ചടങ്ങില്‍ നിന്ന് അകത്തിനിര്‍ത്തിയത്. മൃതദേഹത്തില്‍ സ്പര്‍ശിക്കാന്‍ പോലും സമൂഹം മിഥുനെ അനുവദിച്ചില്ല.
ഒരു വര്‍ഷം മുന്‍പാണ് മിഥുന്‍ ഒരു വിധവയ്ക്ക് ജീവിതം കൊടുത്തത്. യുവതിക്ക് ഇയാളേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു. ആദ്യ വിവാഹത്തില്‍ ആറു കുട്ടികളും ഇവര്‍ക്കുണ്ട്. ഈ വിവാഹത്തിന് നാട്ടുക്കൂട്ടം എതിരായിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ ഭാര്യയുമായി നാടുവിട്ട മിഥുന്‍ അമ്മ രാംരതി രോഗബാധതയായി എന്നറിഞ്ഞാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ആശുപത്രിയില്‍ വച്ച് ഇവര്‍ മരണമടഞ്ഞു. മരണസമയത്ത് മിഥുന്‍ അമ്മയുടെ അടുത്തുണ്ടായിരുന്നു.
എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ നിന്ന് ഇയാളെ സമുദായവും മാറ്റിനിര്‍ത്തുകയായിരുന്നു. ഇയാളുടെ സഹോദരങ്ങളും ഇതിന് കൂട്ട് നിന്നു. തുടര്‍ന്ന്
മിഥുന്റെ ജേഷ്ഠ സഹോദരനും അനന്തരവനും ചേര്‍ന്നാണ് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചത്. അവസാന ചടങ്ങുകളില്‍ മാത്രമാണ് മിഥുനെ നാട്ടുക്കൂട്ടം പങ്കെടുപ്പിച്ചത്. അതേസമയം മിഥുനറ്റെ ഭാര്യയെ നാട്ടില്‍ പ്രവേശിപ്പിക്കാന്‍ പോലും ഇവര്‍ അനുവദിച്ചില്ല.