കിഗോമ (താന്‍സാനിയ)|
jibin|
Last Modified വെള്ളി, 22 മെയ് 2015 (09:31 IST)
ആഭ്യന്തര കലാപം രൂക്ഷമായ ബുറുണ്ടിയില്‍നിന്നുള്ള എഴുപതിനായിരത്തോളം അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന താന്‍സാനിയന്‍ ദ്വീപില്‍ കോളറ പടര്‍ന്നുപിടിച്ചു. നൂറ് കണക്കിനാളുകള്‍ക്ക് കോളറ ബാധിച്ചതായും, 27 പേര്‍ മരിച്ചതായി യൂനിസെഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എഴുപതിനായിരത്തോളം ബുറുണ്ടി അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കാഗുംഗ ദ്വീപില്‍ കോളറ വളരെ വേഗത്തില്‍ പടരുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഉടലെടുത്ത ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു ലക്ഷത്തോളം പേരാണ് ബുറുണ്ടിയില്‍നിന്ന് പലായനം ചെയ്ത് കാഗുംഗ ദ്വീപില്‍ എത്തിയത്.
രോഗം വ്യാപിക്കുന്നതിനാല്‍ അഭയാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനോ അവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനോ കഴിയാത്ത അവസ്ഥയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കാഗുംഗയില്‍ സ്ഥിതി ഏറെ അപകടാവസ്ഥയിലാണെന്നും ഏറ്റവും ദുരിതത്തിലായവരെ രക്ഷപ്പെടുത്തുക എന്ന ദൗത്യത്തിലാണ് ഇപ്പോള്‍ തങ്ങളെന്നും യൂനിസെഫ് ഉദ്യോഗസ്ഥന്‍ തോമസ് ലിമോ പറഞ്ഞു.