ഇംഫാൽ|
Last Modified ബുധന്‍, 9 സെപ്റ്റംബര്‍ 2015 (13:21 IST)
സംഗതി കേരളത്തിലൊന്നുമല്ല. എങ്കിലും ഇതൽപ്പം കടന്നുപോയില്ലേ? മണിപ്പൂരിൽ ചിലയിടങ്ങളിൽ ഒരു ലിറ്റർ
പെട്രോൾ വാങ്ങണമെങ്കിൽ 190 രൂപ വരെ കൊടുക്കണം. മണ്ണിടിച്ചിലും പാലം തകരറിലായതും കാരണം റോഡുവഴിയുള്ള ഇന്ധനവരവ് നിലച്ചതാണ് കടുത്ത പെട്രോൾ ക്ഷാമത്തിന് കാരണമായിരിക്കുന്നത്.
ഭൂഗർഭപാതയിലൂടെയുള്ള ഇന്ധനവരവിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് മണിപ്പൂർ. അവിടെ റോഡുമാർഗമുള്ള ലഭ്യതകൂടി നിലച്ചാലോ? അതാണ്
ഇംഫാൽ - ദിമാപൂർ, ഇംഫാൽ - സിൽചർ ഹൈവേകളിൽ കരിഞ്ചന്തക്കാരുടെ അഴിഞ്ഞാട്ടത്തിന് കാരണമായിരിക്കുന്നത്. ലിറ്ററിന് 160 മുതൽ 190 രൂപ വരെ നൽകിയാണ് ജനങ്ങൾ കരിഞ്ചന്തയിൽ നിന്ന് ഇവിടെ ഇപ്പോൾ പെട്രോൾ വാങ്ങുന്നത്.
ഇന്ധനം വരുന്ന പ്രധാന പാതകളെല്ലാം തടസപ്പെട്ടതോടെ പെട്രോളിന് മാത്രമല്ല ഉള്ളി, ഉരുളക്കിഴങ്ങ്, പയർ എന്നിവയ്ക്കെല്ലാം വില ഇരട്ടിയായി ഉയർന്നു. നാഗാലാൻഡിൻറെ ഫെസാമ ഏരിയയിലുണ്ടായ വലിയ
മണ്ണിടിച്ചിൽ മൂലം ഓഗസ്റ്റ് മധ്യം മുതൽ ഇംഫാൽ - ദിമാപൂർ ഹൈവേ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇംഫാൽ - സിൽചർ ഹൈവേയിൽ പാലം തകരാറിലായതോടെ മണിപ്പൂരിലേക്കുള്ള ഇന്ധന - പച്ചക്കറി നീക്കം നിലച്ചു.
സ്റ്റേറ്റ് കൺസ്യൂമർ അഫയേഴ്സും ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ടുമെൻറും ചേർന്ന് ഇംഫാലിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ റേഷനായി പെട്രോൾ വിതരണം നടത്തുന്നുണ്ട്. കുറച്ചെങ്കിലും ഇന്ധനം ലഭിക്കുന്നതിനായി അഞ്ചും ആറും മണിക്കൂർ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ജനങ്ങൾക്കുള്ളത്.
സാഹചര്യം മുതലാക്കി കരിഞ്ചന്തക്കാർ മൂന്നിരട്ടിയിലധികം വിലയ്ക്ക് പെട്രോൾ വിൽപ്പന പൊടിപൊടിക്കുകയാണ്. മറ്റ് നിവൃത്തിയില്ലാത്തതിനാൽ സാധാരണക്കാർ വൻ വില നൽകി ഇന്ധനം നിറയ്ക്കാൻ നിർബന്ധിതരാകുന്നു.