ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:47 IST)
രാജ്യത്തിന്റെ സമ്പദ്ഘടന തകർത്തത് സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ച കോണ്‍ഗ്രസ് നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരിനെ കുറ്റം പറയുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ചതാക്കാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് സോണിയ ഗാന്ധി പറയുന്ന വാക്കുകള്‍ ചിരിക്ക് വകനൽകുന്നതാണെന്നും ഇറാനി പരിഹസിച്ചു.
കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ രാജ്യം മോഡി സർക്കാരിന് നൽകിയത് വലിയ പിന്തുണയാണെന്ന് സോണിയ മറന്നുപോയിരിക്കുകയാണ്. സ്വന്തം പാർട്ടിയുടെ പോരായ്മകളെ മൂടിവയ്ക്കാനാണ് സോണിയ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സ്മൃതി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി അഭിപ്രായം മാറുന്ന മോഡിക്ക് തന്റെ നിലപാട് പോലും വ്യക്തമാക്കാന്‍ കഴിയുന്നില്ല. മോഡിയുടെ നിലപാടുകള്‍ യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നുമാണ് സോണിയ പറഞ്ഞത്.
മാധ്യമങ്ങളിലൂടെയുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നടക്കുന്നത്. യാതൊരു വികസനവും നടക്കുന്നില്ല. നയങ്ങളേ ഇല്ല. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. മേക്ക് ഇന്‍ ഇന്ത്യ പാഴ്‌വാക്കായി. മോഡി പറഞ്ഞു നടന്നാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കണം- സോണിയ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.