ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (07:52 IST)
തീവ്രവാദ സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ മതവിലക്ക്. 1050ൽ അധികം മത പണ്ഡിതരും ഇമാമുമാരും ഒന്നിച്ച് പുറപ്പെടുവിച്ച ഫത്‌വയിലാണ് ഐഎസിന്റെ പ്രവൃത്തികൾ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്ന് പ്രഖ്യാപിച്ചത്. ആദ്യമാണ് ഇത്രയധികം പേർ ഒന്നിച്ച് ഐഎസിനെതിരെ ഫത്‌വ പുറപ്പെടുവിയ്ക്കുന്നത്.
മധ്യ പൂർവ്വേഷ്യയിലെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകര സംഘടനയ്ക്കെതിരെ ഇസ്ലാം അക്രമത്തെ വർജ്ജിയ്ക്കുമ്പോൾ ഐഎസ് അതിനെ പ്രതിഷ്ഠിക്കുകയാണെന്ന് മതശാസനത്തിൽ പറയുന്നു. മുംബയിലെ ഇസ്ലാമിക് ഡിഫൻസ് സൈബർ സെല്ലിന്റെ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അഞ്ജാരിയാണ് മാസങ്ങളായി പണ്ഡിതരിൽ നിന്ന് ഇവ ശേഖരിച്ചത്.
ഇന്ത്യൻ മുസ്ലീങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന 15 വാള്യങ്ങളിലുള്ള ഫത്‌വകളുടെ പകർപ്പുകൾ യു.എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂണിനുൾപ്പെടെ അയച്ചിട്ടുണ്ട്. തെക്കേ ഏഷ്യയിലേക്കും നാശം വ്യാപിപ്പിയ്ക്കുന്ന ആക്രമണങ്ങളെ ഉന്മൂലനം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഇസ്ലാമിന്റെ മുഖച്ഛായ തകർക്കുന്നതാണ് ഐസിസിന്റെ പ്രവൃത്തികളെന്നാണ് എല്ലാ വിഭാഗത്തിലേയും ഇമാമുമാരുടേയും മറ്റു പുരോഹിതരുടേയും അഭിപ്രായമെന്ന് അഞ്ജാരി പറഞ്ഞു. നിരവധി ഇന്ത്യക്കാർ ഭീകര സംഘടനയുടെ പിടിയിലകപ്പെട്ടെന്ന വാർത്തകളുടെ സമയത്താണ് ഫത്‌വകളെന്നതാണ് ശ്രദ്ധേയം.