മുംബൈ|
Last Updated:
ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (12:10 IST)
അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച
ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയയെ ചൊവ്വാഴ്ച തത്‌സ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിൻറെ ഈ തീരുമാനം ഏവരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. കേസ് അതിൻറെ പാരമ്യത്തിൽ നിൽക്കെ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയത് രാജ്യമാകെ കടുത്ത പ്രതിഷേധത്തിനാണ് കാരണമാക്കിയത്.
ഗണേശ ചതുർത്ഥി സമയത്ത് പൊലീസ് നേതൃത്വത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന സർക്കാർ തീരുമാനമനുസരിച്ചാണ് രാകേഷ് മരിയയെ നേരത്തേ നീക്കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ സെപ്റ്റംബർ 27 മുതൽ 30 വരെയാണ് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ. മരിയയുടെ കാലാവധി അവസാനിക്കുന്നതാകട്ടെ സെപ്റ്റംബർ 30നും. അതുവരെ കാത്തുനിൽക്കാതെ ധൃതിപിടിച്ചുള്ള ഈ നീക്കം കൂടുതൽ സംശയങ്ങൾക്കും അനുമാനങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.
മരിയയെ പെട്ടെന്ന് നീക്കാനുള്ള പ്രധാനപ്പെട്ട നാലുകാരണങ്ങൾ ഇവയാണെന്നാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്:
1. കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ് പീറ്റർ മുഖർജിയുമായി രാകേഷ് മരിയയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന മരിയയുടെ മുൻഗാമിയും ഇപ്പോൾ ബി ജെ പി എംപിയുമായ സത്യപാൽ സിംഗിൻറെ വെളിപ്പെടുത്തൽ.
2. കേസന്വേഷണം പൊതുജനശ്രദ്ധയിൽ നിലനിർത്തുന്നതിനായി
രാകേഷ് മരിയ അമിതമായ ഇടപെടൽ നടത്തുകയും സ്വാർത്ഥബുദ്ധിയോടെ പ്രവർത്തിക്കുകയും ചെയ്തു എന്ന തോന്നൽ ദേവേന്ദ്ര ഫട്‌നാവിസിനുണ്ട്. അതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
3. രാകേഷ് മരിയയെ നിയമിച്ചത് മുൻ കോൺഗ്രസ് - എൻ സി പി സർക്കാരാണ്. അതുകൊണ്ടുതന്നെ ശരദ് പവാറിൻറെ അടുപ്പക്കാരനാണ് മരിയ എന്നൊരു സംസാരമുണ്ട്.
4. ഈ കേസിൽ കള്ളപ്പണത്തിൻറെയും വമ്പൻ ബിസിനസ് ഗ്രൂപ്പുകളുടെയും പങ്ക് മരിയയുടെ അന്വേഷണത്തിൽ വെളിപ്പെട്ടതായുള്ള എൻ സി പിയുടെ ആരോപണം.
ഹോം ഗാർഡ്‌സ് ഡി ജി പിയായി രാകേഷ് മരിയയ്ക്ക് സ്ഥാനക്കയറ്റം നൽകുകയാണ് സർക്കാർ ചെയ്തത്. ഇതിൽ അതൃപ്തനായ മരിയ രാജിവയ്ക്കുമെന്നൊക്കെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് തെറ്റായ വിവരമാണെന്ന് മരിയ തന്നെ വിശദീകരിച്കു. മരിയയ്ക്ക് പകരം അഹമ്മദ് ജാവേദാണ് കമ്മീഷണറായി നിയമിതനായിരിക്കുന്നത്.