ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (16:03 IST)
ഇന്ത്യയില്‍ നിര്‍മിക്കല്‍ (മേക്ക് ഇന്‍ ഇന്ത്യ) എന്നത് ഒരു മുദ്രാവാക്യമല്ല, മറിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പദ്ധതി രാജ്യത്തിന്റെ പ്രധാന ചുവടുവയ്പ്പാണെന്നും പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനമാണ് സര്‍ക്കാരിന്റെ പ്രഥമ ലക്‍ഷ്യം. ഇതില്‍ രാഷ്ട്രീയമില്ല. ലോകം ഏഷ്യയിലേക്ക് നോക്കുകയാണ്. ഇന്ത്യയില്‍ ജനാധിപത്യവും ജനശക്തിയുമുണ്ട്. വളര്‍ച്ചയ്ക്കനുകൂലമായ സാഹചര്യം ഇന്ത്യയില്‍ ഒരുക്കുമെന്ന് മോഡി വ്യക്തമാക്കി.
ചക്രപ്പല്ലുകള്‍ കൊണ്ടും അശോക ചക്രം കൊണ്ടും രൂപപ്പെടുത്തിയ സിംഹമാണ് പദ്ധതിയുടെ ചിഹ്നം. ഉല്‍പ്പാദനവും ശക്തിയും ദേശീയ അഭിമാനവുമാണ് ചിഹ്നത്തിലൂടെ വ്യക്തമാക്കുന്നത്.
ചടങ്ങില്‍ 500ല്‍ പരം കമ്പനികളുടെ സിഇഒമാര്‍ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി അടുത്ത 15 മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഒന്നേകാല്‍ ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി.