രേണുക വേണു|
Last Modified തിങ്കള്‍, 31 ജനുവരി 2022 (07:54 IST)
ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിന്‍വലിച്ച് പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് എല്‍.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും തമിഴ്നാട് പോലീസിന്റെ 'ക്യൂ' ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കന്‍ സ്വദേശിയുള്‍പ്പെടെ അഞ്ചുപേര്‍ ചെന്നൈയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തതോടെയാണ് എല്‍.ടി.ടി.ഇ. ബന്ധത്തിന് സൂചന ലഭിച്ചത്.
ആഭ്യന്തരയുദ്ധം അവസാനിച്ച ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ. ഏറക്കുറെ നാമാവശേഷമായെങ്കിലും സംഘടനയുടെ അനുഭാവികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍.ഐ.എ. വൃത്തങ്ങള്‍ പറയുന്നത്. തമിഴ് പുലികള്‍ക്കുവേണ്ടി വിദേശ രാജ്യങ്ങളില്‍നിന്ന് നേരത്തേ സമാഹരിച്ച കോടിക്കണക്കിന് രൂപ പല അക്കൗണ്ടുകളിലായി ഇന്ത്യയിലെ ബാങ്കുകളില്‍ ഇപ്പോഴുമുണ്ട്. ഈ പണം പിന്‍വലിച്ച് എല്‍.ടി.ടി.ഇ.യുടെ പുനരേകീകരണത്തിന് ധനസമാഹരണം നടത്താന്‍ ശ്രമിച്ചവരാണ് വ്യാജ പാസ്‌പോര്‍ട്ടുമായി അറസ്റ്റിലായതെന്ന് എന്‍.ഐ.എ. പറയുന്നു.