സാധാരണക്കാര്‍ക്കായി രണ്ടുകിലോയുടെ സിലിണ്ടറുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (13:28 IST)
രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി രണ്ട് കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടർ കേന്ദ്ര പെട്രോളിയം മന്ത്രാലയം വിപണിയിലെത്തിക്കുന്നു. നേരത്തെ അഞ്ച് കിലോയുടെ പാചകവാതക സിലിണ്ടര്‍ സര്‍ക്കാര്‍ ഇതേപോലെ പുറത്തിറക്കിയിരുന്നു.
വിപണിയിലെത്തിയ അഞ്ച് കിലോഗ്രാം സിലിണ്ടറിന് വില 155 രൂപയാണ്. എന്നാല്‍ രണ്ട് കിലോയുടെ വില എത്രയാണെന്ന് വിവരങ്ങളില്ല.

വിപണിയില്‍ ലഭ്യമായ 418 രൂപയോളം വിലയുള്ള 14.2 കിലോയുടെ സിലിണ്ടര്‍ വാങ്ങാന്‍ കഴിയാത്തവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ചെറിയ സിലിണ്ടറുകള്‍. രണ്ട് കിലോഗ്രാം സിലിണ്ടറിനായുള്ള ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സിലിണ്ടര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് സിലിണ്ടര്‍ പുറത്തിറക്കിയത്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ ഉയർന്ന വിലയാൽ ബുദ്ധിമുട്ടുന്നവർക്ക് രണ്ട് കിലോഗ്രാമിന്റെ സിലിണ്ടർ ആശ്വാസമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ 15.65 കോടി ഗാർഹിക എൽ.പി.ജി ഉപഭോക്താക്കളിൽ 13.8 കോടിപ്പേർ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡി പണം ലഭിക്കുന്ന പദ്ധതിയിൽ അംഗമായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :