ന്യൂഡൽഹി|
jibin|
Last Updated:
ബുധന്‍, 26 ഓഗസ്റ്റ് 2015 (09:13 IST)
ഇന്ത്യൻ തീരത്ത് വെച്ച് ഇറ്റാലിയൻ നാവികർ രണ്ട് മൽസ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ത്യയിലെ എല്ലാ നിയമനടപടികളും നിര്‍ത്തിവയ്ക്കണമെന്ന രാജ്യാന്തര ട്രൈബ്യൂണലിന്‍റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും. ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ പ്രതികളായ മറീനുകളെ വിട്ടുകിട്ടണമെന്ന ഇറ്റലിയുടെ ആവശ്യം രാജ്യാന്തര ട്രൈബ്യൂണല്‍ അംഗീകരിച്ചിട്ടില്ലെന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. നടപടികൾ നിർത്തിവയ്ക്കാനും ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന കാര്യം തീരുമാനിക്കാൻ അഞ്ചംഗസമിതിയെ രാജ്യാന്തര ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയിരുന്നു.
ഇറ്റലിയിൽ കഴിയുന്ന നാവികൻ മാസിമിലിയാനൊ ലത്തോറെയുടെ കാര്യത്തിൽ കോടതി ഇന്ന് നിലപാടറിയിക്കും. ചികിത്സക്കായി ആറു മാസത്തേക്ക് നാട്ടിൽ പോകാൻ ലത്തോറെക്ക് കോടതി നേരത്തെ അനുമതി നൽകിയിരുന്നു.