ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (09:05 IST)
മിനിമം വേതനം 15,000 ആക്കി ഉയര്‍ത്തുക ബോണസ് പരിധി എടുത്തു കളയുക, തൊഴില്‍ നിയമ ഭേദഗതികള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തീരുമാനിച്ചിരിക്കെ തൊഴിലാളികളുടെ ഐക്യം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായാണ് വാര്‍ത്തകള്‍.
തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ചില ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. ചര്‍ച്ചയില്‍ സമ്മതിച്ച വിഷയങ്ങളില്‍ രേഖാമൂലം ഉറപ്പു നല്‍കി പണിമുടക്ക് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുക. ഇക്കാര്യത്തിനോട് ബിജെപി അനുകൂല സംഘടനയായ ബിഎംഎസും ചില തൊഴിലാളില്‍ സംഘടനകളും അനുകൂലമാണ്. എന്നാല്‍ ഐഎന്‍ടിയുസിയും ഇടതുപക്ഷ യൂണിയനുകളും എച്ച്എംഎസ്സും മറ്റും അതിനോട് യോജിക്കാനിടയില്ല. ബിഎംഎസ്സും മറ്റുള്ളവരും വെവ്വേറെ നിലപാടുകളെടുത്താല്‍ ഇത്രയുംകാലമുണ്ടായിരുന്ന ട്രേഡു യൂണിയന്‍ ഐക്യത്തിന്റെ തകര്‍ച്ചയായിരിക്കും അത്.
ബോണസ് പരിധി എടുത്തുകളയണമെന്നതുള്‍പ്പെടെ തൊഴിലാളികള്‍ ഉന്നയിച്ച 12 ആവശ്യങ്ങളില്‍ ചിലതിന്‍മേല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച വിഷയങ്ങള്‍ വെള്ളിയാഴ്ച തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ സംയുക്ത ട്രേഡു യൂണിയന്ന് എഴുതി നല്‍കും. അതിനുശേഷം വൈകിട്ട് തൊഴിലാളി സംഘടനകള്‍ പ്രത്യേക യോഗംചേര്‍ന്ന് അതിന്‍മേല്‍ നിലപാട് സ്വീകരിക്കും. സപ്തംബര്‍ രണ്ടിന് പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച അഞ്ചംഗ സമിതി നേതാക്കളുമായി രണ്ടുദിവസം ചര്‍ച്ച നടത്തിയത്.
ചുരുങ്ങിയ വേതനം 15,000 രൂപ ആക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതേസമയം, സാമ്പത്തിക നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ മൂന്നായി തിരിച്ച് മൂന്നുതരം ചുരുങ്ങിയ വേതനം നടപ്പാക്കാം എന്ന സൂത്രവാക്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. അതേസമയം തൊഴിലാളികള്‍ക്കുള്ള ബോണസിന്റെ ശമ്പളപരിധി ഉയര്‍ത്തും. നിലവില്‍ 6,500 രൂപ ബോണസിന് അര്‍ഹമായ ശമ്പളപരിധിയും 3,500 രൂപ അത് കണക്കുകൂട്ടാന്‍ അടിസ്ഥാനമാക്കുന്ന ശമ്പളപരിധിയുമാണ്. ഇത് യഥാക്രമം 21,000 രൂപയും 10,000 രൂപയും ആക്കാനാണ് തീരുമാനം. തൊഴിലാളി സംഘടനകളുമായി വ്യാഴാഴ്ച നടത്തിയ കൂടിയാലോചനയില്‍ കേന്ദ്ര സര്‍ക്കാറാണ് ഈ ഉറപ്പു നല്‍കിയത്. ഈ വിഷയവുമായി നേരത്തേ രൂപവത്കരിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്.