ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (12:03 IST)
രാജ്യത്തിന്റെ പൊതുജനാരോഗ്യമേഖലയെ കാര്യമായി ബാധിക്കുന്ന സുപ്രധാന നിര്‍ദ്ദേശവുമായി നീതി ആയോഗ്. പൊതുജനാരോഗ്യത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടതില്ലെന്നാണ് നീതി ആയോഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ പണം കൂടുതല്‍ ചിലവഴിക്കുന്നതിനു പകരം സ്വകാര്യ മേഖലയേയും ഇന്‍ഷുറന്‍സ് മേഖലയേയും കൂടുതലായി ആരോഗ്യ മേഖലയില്‍ പങ്കാളിയാക്കുക എന്നാണ് നീതി ആയോഗ് പറയുന്നത്. ദേശീയ ആരോഗ്യ നയത്തിനുള്ള കരട് തയ്യാറാക്കുന്നതിനു നല്‍കിയ ശുപാര്‍ശയിലാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.
സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തിയുള്ള ആരോഗ്യസംരക്ഷണമാണ് ഉചിതമെന്നും അതിന് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം വിപുലമാക്കണമെന്നുമാണ് നീതി ആയോഗ് പറയുന്നത്. അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതികളോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സിനെയും ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനുവേണ്ടി കോണ്‍ട്രിബ്യൂട്ടറി സിക്ക് ഫണ്ട് ഉണ്ടാക്കാം. പൊതുജനങ്ങളുടെ വിഹിതംകൂടി ഫണ്ടില്‍ ഉള്‍പ്പെടുത്താമെന്നും ശുപാര്‍ശയില്‍ പറയുന്നു.
നീതി ആയോഗിന്റെ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ സൗജന്യ പരിശോധനകളും മരുന്ന് വിതരണവും നിലയ്ക്കും. ആരോഗ്യമേഖലയ്ക്കുവേണ്ടി ബജറ്റില്‍ വകയിരുത്തുന്ന വന്‍തുകയില്‍ കുറവുവരുത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിനുമാണ് നിര്‍ദേശം സഹായകമാകുക. സ്വകാര്യ ആസ്പത്രികള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും ഗുണകരമാകുന്നതാണ് നിര്‍ദ്ദേശം.