ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ, സർക്കാർ രൂപീകരിക്കാൻ സാധ്യത തേടി നിതീഷിനെയും ചന്ദ്രബാബു നായുഡുവിനെയും ബന്ധപ്പെട്ട് ഇന്ത്യ മുന്നണി

Loksabha Elections, NDA, India
അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (14:45 IST)
Loksabha Elections, NDA, India
ലോകസഭാ തിരെഞ്ഞെടുപ്പ് ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സര്‍ക്കാര്‍ രൂപികരിക്കാനുള്ള നീക്കങ്ങളുമായി മുന്നണികള്‍. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ മുന്നണിയിലെ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം പുറത്തുള്ള കക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ഇന്ത്യ മുന്നണിയും. ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി, ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിതീഷ് കുമാര്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ഭരണ പ്രതിപക്ഷ മുന്നണികള്‍.

കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകില്ലെന്ന് ഉറപ്പായതോടെയാണ് ഇരു കക്ഷികളുടെയും നിലപാട് നിര്‍ണായകമായിരിക്കുന്നത്. ആന്ധ്രയില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. അതേസമയം ഇന്ത്യാമുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലര്‍ത്തിവരുന്നതായാണ് വിവരം. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ് നാട് മുഖ്യമന്ത്രി കൂടിയായ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനാണ് ചന്ദ്രബാബു നായിഡുവിനെ ബന്ധപ്പെട്ടത്. എന്‍സിപി നേതാവ് ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിനായി മറ്റ് കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി മികച്ച ബന്ധമാണ് ശരത് പവാറിനുള്ളത്.

നിലവില്‍ 225 സീറ്റുകളോളമാണ് ഇന്ത്യ സഖ്യത്തിനുള്ളത്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരുടെ സീറ്റുകള്‍ നേടിയാലും കേവല ഭൂരിപക്ഷമെത്തില്ലെങ്കിലും മറ്റ് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇന്ത്യ മുന്നണിയുടെ നീക്കം. അതേസമയം നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ 241 സീറ്റുകളുള്ള ബിജെപിയാണ് രാജ്യത്തെ വലിയ ഒറ്റകക്ഷി. 100 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :