ഇന്ത്യയുടെ സുവർണനാദം നിലച്ചു, ഓർമകളിൽ മഹാഗായിക

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (10:13 IST)
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഓർമയായി.മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

.1929ൽ ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായിട്ടായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ ജനനം. സഹോദരി ആശാ ഭോസ്‌ലെയും ഇന്ത്യയുടെ പ്രിയ ഗായികയാണ്.

അഞ്ചാം വയസുമുതൽ അഭിനയത്തിലായിരുന്നു ലത കൈമുദ്ര പതിപ്പിച്ചത്. പതിമൂന്നാം വയസിൽ അച്ഛൻ മരിച്ചതോടെ സിനിമാ അഭിനയത്തിലേക്കെത്തിയ ലതാ മങ്കേഷ്‌കർ പിന്നീട് പിന്നണി സംഗീതത്തിലേക്ക് തിരിഞ്ഞു.1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്.

1948ല്‍ മജ്‍ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്‍ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‍കറെ പ്രശസ്‍തിയിലേക്ക് എത്തിച്ചത്. തുടർന്നങ്ങോട്ട് ലതാ മങ്കേഷ്‌ക്കറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പേരും പെരുമയ്ക്കുമൊപ്പം ആരാധകർ എന്നെന്നും തങ്ങളുടെ നെഞ്ചോട് ചേർക്കുന്ന ഗാനങ്ങളും ആലപിക്കാൻ രാജ്യത്തിന്റെ പ്രിയ ഗായികയ്ക്കായി.

ഇതിനിടെ മലയാളത്തിൽ രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് എന്ന സിനിമയിലൂടെ മലയാളത്തിലും ലതയുടെ സ്വരമാധുര്യമെത്തി. ചിത്രത്തിൽ കദളി, ചെങ്കദളി എന്ന ഒരൊറ്റ ഗാനമാണ് മലയാളത്തിൽ ലതാ മങ്കേഷ്‌ക്കർ ആലപിച്ചത്.രാജ്യത്തെ പ്രശസ്‌തമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും ലതയെ തേടി എത്തിയിട്ടുണ്ട്. 1969ല്‍ രാജ്യം പത്മഭൂഷൺ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചു. 1999ല്‍ പത്മവിഭൂഷൺ.

നാല്പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ ലതയ്‍ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‍കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ആദരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :