അണ്ടർ 19 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ, അഞ്ചാം ലോകകിരീടം

അഭിറാം മനോഹ‌ർ| Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (08:24 IST)
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്.ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് മറികടന്നത്.

ഇന്ത്യയുടെ അഞ്ചാം ലോകകിരീടനേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു. ഒരു ഘട്ടത്തിൽ 97 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തില്‍ 50 റണ്‍സ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തില്‍ പുറത്താകെ 50 റണ്‍സ്) മികച്ച പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് വീശിയും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. അഞ്ചു വിക്കറ്റുകൾ നേടിയ രാജ് ബാവ 35 റണ്‍സും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.അവസാന ഘട്ടത്തിലെ സമ്മര്‍ദ്ദം കാറ്റില്‍പറത്തി അടുത്തടുത്ത പന്തുകളില്‍ രണ്ട് സിക്‌സര്‍ പയിച്ച് ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.

നേരത്തെ അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 189 റൺസിൽ ഒതുക്കിയത്.എട്ടാം വിക്കറ്റില്‍ ജെയിംസ് റൂവും ജെയിംസ് സെയ്ല്‍സും ചേര്‍ന്നെടുത്ത 93 റണ്‍സാണ് ഇംഗ്ലീഷ് ഇന്നിങ്സിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. റൂ 95 റണ്‍സിന് പുറത്തായപ്പോള്‍ സെയ്ല്‍സ് 34 റണ്‍സോടെ പുറത്താവാതെ നിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :