ന്യൂഡല്‍ഹി|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (12:15 IST)
മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അശോക് കുമാര്‍ അഴിമതിക്കാരനാണെന്ന് കട്ജു തന്നെ അറിയിച്ചിട്ടില്ലെന്ന് ഒരു ഇംഗീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് സഹോട്ടി പറഞ്ഞു.
ആരോപണ വിധേയനായ ജഡ്ജിയെ നിയമിക്കാന്‍ യുപിഎ സര്‍ക്കാരിന്‍െറ സമ്മര്‍ദ്ദത്തിന് താന്‍ വഴങ്ങിയിട്ടില്ലെന്നും ജസ്റ്റിസ് ലഹോട്ടി പറഞ്ഞു. ജസ്റ്റിസ് അശോക് കുമാറെന്നല്ല, ആരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ലഹോട്ടി വ്യക്തമാക്കി.
ഒരാളുടെയും സമ്മര്‍ദ്ദത്തിന് താന്‍ വഴങ്ങിയിട്ടില്ല. ജസ്റ്റിസ് അശോക് കുമാറിനെതിരേ രഹസ്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആരും തനിക്ക് കത്ത് നല്‍കിയിട്ടില്ല. തന്‍െറ ഔദ്യോഗിക ജീവിതത്തില്‍ താന്‍ വീഴ്ചകളൊന്നും വരുത്തിയിട്ടില്ലെന്നും കട്ജുവിന്‍െറ ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച ലഹോട്ടി പറഞ്ഞു. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണുണ്ടായതെന്നും ലഹോട്ടി പ്രതികരിച്ചു.
ജൂലൈ 20നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ മാര്‍കണ്ഡേയ കട്ജു ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. അഴിമതിക്കാരനായ ജില്ലാ ജഡ്ജിയെ മദ്രാസ് ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചു എന്നായിരുന്നു ആരോപണങ്ങളില്‍ ഒന്ന്. തുടര്‍ന്നു വന്ന മൂന്ന് ചീഫ് ജസ്റ്റിസുമാര്‍ ഈ ജഡ്ജിയുടെ നിയമനം ശരിവെക്കുകയായിരുന്നുവെന്നും കട്ജു ആരോപിച്ചിരുന്നു.