അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ജൂണ്‍ 2020 (14:30 IST)
ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ് സൈനികർ നടത്തിയ കടന്നുകയറ്റത്തിന് പിന്നാലെ ചൈനക്ക് മുന്നറിയിപ്പുമായി ബിജെപി. അക്സായ് ചിൻ ഉൾപ്പെടുന്ന പ്രദേശമാണ് ഇന്ത്യയുടെ കണക്കിൽ ലഡാക്ക് എന്ന കേന്ദ്രഭരണപ്രദേശമെന്ന ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്.
പാകിസ്താനുമായി നിയന്ത്രണരേഖയിൽ ഇന്ത്യ കാണിക്കുന്ന ദൃഡനിശ്ചയം ചൈനയുമായും പ്രകടിപ്പിക്കണമെന്നും രാജ്യത്തിന്റെ അവസാന ഇഞ്ചും സംരക്ഷിക്കണമെങ്കിൽ അത് കൂടിയേ തീരുവെന്നും രാം മാധവ് പറഞ്ഞു.നമ്മുടെ അവകാശവാദം നിയന്ത്രണരേഖവരെയല്ല അതിനും അപ്പുറം വരെയാണ്. ജമ്മുകശ്മീര്‍ എന്നുപറഞ്ഞാല്‍ അതില്‍ പാക് അധീന കശ്മീര്‍ ഉൾപ്പെടുന്ന പ്രദേശമാണ് അതുപോലെ കേന്ദ്രഭരണപ്രദേശമായ ലഡാക്കെന്ന് നാം പറഞ്ഞാല്‍ അതില്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും, അക്സായ് ചിന്നും ഉള്‍പ്പെടും രാം മാധവ് പറഞ്ഞു.
ചൈനയുമായുള്ള ഒരു യുദ്ധത്തിന് രാജ്യം ആഗ്രഹിക്കുന്നില്ല. എല്ലാ കാലത്തും ഇന്ത്യ ചൈനയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ
ചൈന എല്ലാ കാലത്തും ഇതിന് തുരങ്കം വെക്കുന്ന നടപടികളാണ് കൈക്കൊണ്ടത്.ചൈനയുമായുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനൊപ്പം നിയന്ത്രണരേഖയില്‍ ചൈനീസ്
നടപടികള്‍ക്കെതിരെ യുക്തമായ മറുപടികള്‍ നല്കാന് ഇന്ത്യ തയ്യാറാകണമെന്നും രാം മാധവ് പറഞ്ഞു.