ഗാൽവാനിലെ പ്രധാന പോസ്റ്റിൽ ചൈന കൂടുതൽ ടെന്റുകൾ നിർമിക്കുന്നു, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജൂണ്‍ 2020 (08:39 IST)
കിഴക്കൻ ലഡാക്കിലെ ഇന്ത്യ-അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു.തർക്കമേഖലകളിൽ നിന്ന് പിൻമാറാൻ ഈ മാസം ആറിന് എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയെങ്കിലും സംഘർഷമേഖലയിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറി തുടങ്ങിയതായി കരസേന സ്ഥിരീകരണം നൽകിയിട്ടില്ല.

സൈനിക തലത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇന്ത്യ-ചൈന നയത‌ന്ത്ര തലത്തിൽ നടന്ന ചർച്ചയിൽ ധാരണയായത്.
അതേസമയം ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് പറന്നതായി വാർത്താ ഏജൻസിയായ എഫ്‌പി ഇന്നലെ റിപ്പോർട്ട് ചെയ്തു. 15,000 സൈനികരെ കൂടി ഈ മേഖലയിലേക്ക് നീക്കിയെന്നാണ് സൂചന.ഗാൽവാനിലെ പ്രധാന പോസ്റ്റിൽ ചൈന കൂടുതൽ ടെന്‍റുകള്‍ നിർമ്മിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നു.

ഗൽവാനിലെ സംഭവങ്ങളിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു.എന്നാൽ നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളും ചർച്ച തുടരുമ്പോൾ തന്നെ ഗാൽവാൻ താഴ്‌വരയിൽ ചൈനക്ക് പരമാധികാരമുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്ഥാനവനയിലൂടെ അവകാശപ്പെട്ടു. അതിർത്തിയിൽ സമാധാനം നിലനിർത്താനുള്ള ബാധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :