ഗാന്ധിനഗര്‍|
Last Modified വ്യാഴം, 17 ജൂലൈ 2014 (08:42 IST)
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാംഗവുമായ ഒ പി കൊഹ്‌ലി ഗുജറാത്ത് ഗവര്‍ണറായി ബുധനാഴ്ച ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തിന്റെ ഇരുപത്തി നാലാമത് ഗവര്‍ണറാണ് ഒ പി കോഹ്‌ലി. ഗുജറാത്ത് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണര്‍മാരെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടിക കഴിഞ്ഞ ദിവസമാണ് കേന്ദ്രം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.
ഗുജറാത്തില്‍ എത്തിയപ്പോള്‍ തനിക്ക് വീട്ടിലേക്ക് എത്തിയതു പൊലെയാണ് തോന്നുന്നതെന്നും ഇത് തനിക്ക് അജ്ഞാതമായ മേഖലയല്ലെന്നും ചുമതലയേറ്റ ശേഷം ഗവര്‍ണര്‍ കൊഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. മാഹാത്മജിയുടെയും സര്‍ദ്ദാര്‍ പട്ടേലിന്റെയും നാട്ടിലേക്കെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും 78കാരനായ കൊഹ്‌ലി പറഞ്ഞു.
ലോകായുക്ത നിയമന കാര്യത്തിലും പല നിയമനിര്‍മമാണ വിഷയങ്ങളിലും മുന്‍ നരേന്ദ്ര മോഡി സര്‍ക്കാരുമായി ഇടഞ്ഞിരുന്ന ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാളിനെ ജൂലൈ ആറിന് കേന്ദ്ര സര്‍ക്കാര്‍ മിസോറാമിലേക്ക് മാറ്റി നിയമിച്ചിരുന്നു.