കർണാടകയിൽ വിമതർക്ക് തിരിച്ചടി; രാജിയില്‍ ഇടപെടില്ല, സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി

അയോഗ്യരാക്കാന്‍ കാരണമില്ലെന്നും രാജിയില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നും എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു.

Last Modified ബുധന്‍, 17 ജൂലൈ 2019 (11:16 IST)
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി വിഷയത്തില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അയോഗ്യരാക്കാന്‍ കാരണമില്ലെന്നും രാജിയില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നും എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണു രാജിയെന്നു സ്പീക്കര്‍ക്കുവേണ്ടി വാദിച്ച അഭിഷേക് സിങ്‌വി പറഞ്ഞു.

സ്പീക്കറോടു സമയപരിധി നിര്‍ദേശിക്കാനോ, രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്നും കഴിഞ്ഞദിവസത്തെ ഉത്തരവുകള്‍ പരിധിവിട്ടതാണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണു 10 വിമത എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു. ഇതോടെ സ്പീക്കറുടെ അധികാരത്തിലേക്കും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലേക്കും വാദം നീണ്ടു. വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

അതിനിടെ, രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ
ബിഎസ് യെഡിയൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമതരെ അനുനയിപ്പിക്കാനാകാതെ കോണ്‍ഗ്രസ്–ദള്‍ നേതൃത്വം ഏറെ സമ്മര്‍ദത്തിലായിരിക്കുമ്പോഴാണു യെലഹങ്കയിലെ റമദാ ഹോട്ടലില്‍ നേതാക്കളും എംഎല്‍എമാരും കായികവിനോദങ്ങളില്‍ മുഴുകി സമയം ചെലവഴിക്കുന്നത്.

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്–ദള്‍ സഖ്യം പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. വിമതരുടെ രാജി അംഗീകരിച്ചാല്‍ 107 പേരുടെ പിന്തുണയുമായി ബിജെപിയാകും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :