അലഹാബാദ്|
Last Modified തിങ്കള്‍, 15 ജൂലൈ 2019 (14:00 IST)
പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്രയ്‌ക്കും ഭര്‍ത്താവ് അജിതേഷിനും പൊലീസ് സംരക്ഷണം. അലഹബാദ് ഹൈക്കോടതിയാണ് പൊലീസ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയത്.
സാക്ഷിയും ദളിത് യുവാവായ അജിതേഷും കഴിഞ്ഞയാഴ്ചയാണ്
വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുള്ള വിവാഹമായതിനാല്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതിപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം വ്യക്തമാക്കി സാക്ഷി രംഗത്തു വന്നിരുന്നു.
തുടര്‍ന്നാണ് സംരക്ഷണം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇരുവരേയും അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു.
അതേസമയം, വിവാഹത്തിന്റെ പേരില്‍ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇരുവരുടെയും പ്രായത്തിലുള്ള വ്യത്യാസമാണ് ആശങ്കപ്പെടുത്തുന്നതെന്നും അജിതേഷിന് നല്ല ജോലിയില്ലെന്നും രാജേഷ് മിശ്ര കുറ്റപ്പെടുത്തി.