ചെന്നൈ|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (09:53 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രാജിവെച്ചേക്കുമെന്ന് സൂചന. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി സെപ്റ്റംബര്‍ 27-ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചൊവ്വാഴ്ച രാവിലെ ചെന്നൈ സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം.
27-ന് ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാവേണ്ടതുണ്ട്. ബാംഗ്ലൂര്‍ക്ക് തിരിക്കുംമുമ്പ് മുഖ്യമന്ത്രിയെന്ന നിലയില്‍ വിചാരണക്കോടതിയില്‍ ഹാജരാവുന്നതിനേക്കാള്‍ നല്ലത് സ്ഥാനം ഒഴിഞ്ഞിട്ട് പോവുന്നതായിരിക്കുമെന്നാണ് ജയലളിതയുടെ വിശ്വാസമെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2011 നവംബറില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെതന്നെ ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ വിചാരണയ്ക്കായി ഹാജരായിരുന്നു. മാത്രമല്ല, നേരത്തെ മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാവും എന്ന കാഴ്ചപ്പാടും എഐഎഡിഎംകെയ്ക്കുണ്ട്.
ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഭാവി നടപടികളെക്കുറിച്ച് ജയലളിത മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് സൂചന. രാജിവെക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിന് ചൊവ്വാഴ്ച ഏറ്റവും ഉചിതമായ നാളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തമിഴ് കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച അമാവാസിയാണ്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് വിശേഷപ്പെട്ട നാളായാണ് അമാവാസിയെ വിശ്വാസികള്‍ കാണുന്നത്.
1991-നും 96-നും ഇടയില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിന്റെ വിചാരണയാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ നടക്കുന്നത്.