ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (11:01 IST)
ഐപിഎൽ മുൻ ചീഫ് ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച് വിവാദക്കുരുക്കിലായ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎൽഎമാർ ഇന്ന് ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്രതലത്തില്‍ വസുന്ധര രാജെക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായിട്ടാണ് കൂടിക്കാഴ്‌ച.
അതേസമയം, സുഷമ സ്വരാജിനെ ശക്തമായ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. വസുന്ധരാ രാജെക്ക് പിന്തുണ നൽകേണ്ടെന്നും തീരുമാനിച്ചു. രാജെക്ക് എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനയുമായി എത്തരുതെന്ന് വസുന്ധരാ രാജെക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്. സുഷമ സ്വരാജ് ലളിത് മോഡിയെ സഹായിച്ചത് അഴിമതിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം,വസുന്ധര രാജയുടെ മകന്റെ കമ്പനിയില്‍ ലളിത് മോഡി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു. ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യമന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചേക്കും.
ലളിത് മോഡിക്ക് ഭാര്യയുടെ ചികിൽസയ്ക്കായി പോർച്ചുഗലിലേക്ക് പോകുന്നതിനായുള്ള യാത്ര രേഖകൾ ശരിയാക്കുന്നതിന് സുഷമ സ്വരാജ് സഹായം ചെയ്തിരുന്നു. കാൻസർ രോഗിയായ ഭാര്യയുടെ ശസ്ത്രക്രിയയ്ക്കു മുൻപ് സമ്മതപത്രം ഒപ്പിടുന്നതിനാണ് മോഡി പോർച്ചുഗലിലേക്ക് പോയത്. കേവലം മാനുഷിക പരിഗണനയുടെ പുറത്താണ് സഹായം ചെയ്തതെന്ന് സുഷമ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, വസുന്ധരാ രാജെയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് രാജസ്ഥാനിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. ക്രിമിനൽ നടപടിക്രമങ്ങൾ നേരിടുന്ന ലളിത് മോഡിയെ സഹായിച്ചുവെന്നു തെളിഞ്ഞ സാഹചര്യത്തിൽ വസുന്ധര രാജക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കോൺഗ്രസിന്റെ വാദം. വസുന്ധര രാജയുടെ മകൻ ദുഷ്യന്ത് സിങ്ങിന്റെ കമ്പനിയിൽ ലളിത് മോഡി 11.5 കോടി രൂപ നിക്ഷേപിച്ചതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.