രാജ്യത്ത് ഇന്ധന വില കുത്തനെ കുറയാന്‍ കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 20 ജൂലൈ 2015 (15:44 IST)
വരുന്ന 30ന് ഇന്ധന വില പുനര്‍ നിര്‍ണയം നടത്തുമ്പോള്‍ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയുമെന്ന് സൂചനകള്‍. കഴിഞ്ഞ 15നു പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ രണ്ടു രൂപയുടെ കുറവുവരുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി ഉണ്ടാവുക. ഇറാനും ലോക ശക്തികളും തമ്മിലുള്ള ആണവ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ അവരുടെ എണ്ണ കയറ്റുമതി വര്‍ധിക്കുന്നതു രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയാന്‍ വഴിവയ്ക്കും. ഇതും തുടര്‍ച്ചയായ വിലക്കുറവിന് കാരണമാകും.

ഇന്ധന വില കുറയുന്നത് എണ്ണക്കമ്പനികള്‍ക്കു മേലുള്ള സബ്സിഡി ഭാരം കുറയ്ക്കും. ഇതു പ്രയോജനപ്പെടുത്തിയും പരമാവധി ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കിയുമുള്ള പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണു പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില താരതമ്യേന കുറവാണ്. അതിനു പിന്നാലെ ഇറാനില്‍ നിന്ന് മൂന്നു കോടി ബാരല്‍ അസംസ്കൃത എണ്ണ അന്താരാഷ്ട്ര വിപണിയിലേക്കെത്തും. ഇതൊടെ എണ്ണ വില കൂപ്പ് കുത്തുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.

മുഖ്യമായും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്ന ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ ഇതു വന്‍ കുറവുണ്ടാക്കും. ഇന്നു വിപണി ആരംഭിച്ചപ്പോഴും ക്രൂഡ് ഓയില്‍ വില താഴേയ്ക്കാണ്. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് അസംസ്കൃത എണ്ണയുടെ വില താഴുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :