വിവര, വിനിമയ സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ-ജപ്പാന്‍ സഹകരണ പത്രത്തിന്കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ശ്രീനു എസ്| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (08:30 IST)
വിവര, വിനിമയ സാങ്കേതികവിദ്യാ രംഗത്ത് ജപ്പാനുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സഹകരണ പത്രം (എം.ഒ.സി) ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിവര വിനിമയ രംഗത്ത് ഉഭയകക്ഷി സഹകരണവും ധാരണയും ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും. കൂടാതെ 'പ്രത്യേക നയതന്ത്ര ആഗോള പങ്കാളിത്ത' പദവി വഹിക്കുന്ന ജപ്പാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരണ പത്രം സഹായിക്കും.

5 ജി നെറ്റ്വര്‍ക്ക്, ടെലികോം സുരക്ഷ, സബ്മറൈന്‍ കേബിള്‍, വിവരവിനിമയ ഉപകരണങ്ങളുടെ മാതൃകാ സര്‍ട്ടിഫിക്കേഷന്‍, നൂതന വയര്‍ലെസ് സാങ്കേതിക വിദ്യയുടെ ഉപയോഗം, ഐ.സി.ടി വിഭവശേഷി വികസനം, പൊതു ജന സംരക്ഷണം, നിര്‍മ്മിത ബുദ്ധി/ ബ്ലോക്ക് ചെയിന്‍, സ്പെക്ട്രം ചെയിന്‍, സ്പെക്ട്രം മാനേജ്മെന്റ് തുടങ്ങിയ ബഹുതല മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

ഈ സഹകരണ പത്രം, ഇന്ത്യയ്ക്ക് ആഗോള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇന്ത്യയിലെ വിവരവിനിമയ സാങ്കേതിക വിദ്യാരംഗത്ത് അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹകരണ പത്രം സഹായിക്കും.ജപ്പാനുമായി സഹകരിച്ച് ഭാവിയില്‍, സബ്മറൈന്‍ കേബിള്‍ ശൃംഖല സാങ്കേതിക വിദ്യാ വികസിപ്പിക്കുന്നത് ഇന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. വിവര വിനിമയ സാങ്കേതികവിദ്യാ രംഗത്ത് മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാനും സഹകരണ പത്രം ലക്ഷ്യമിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :