ശ്രീനഗർ|
aparna shaji|
Last Updated:
ശനി, 22 ഒക്‌ടോബര്‍ 2016 (08:01 IST)
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലെ ഹിരാനഗറിൽ അതിർത്തിരക്ഷാ സേന (ബി എസ് എഫ്) നടത്തിയ തിരിച്ചടിയിൽ ഒരു ഭീകരനേയും ഏഴു പാക് സൈനികരേയും ഇന്ത്യൻ സൈന്യം വധിച്ചു. എന്നാൽ, പാക് സൈനികരെ വധിച്ചെന്ന് പറയുന്നത് തെറ്റാണെന്ന്
പാകിസ്ഥാൻ പ്രതികരിച്ചു. ഇതിനിടയിൽ കശ്മീരിലെ അതിർത്തിയിൽ നിന്നും ഒരു പാക് ചാരനെ
ഇന്ത്യൻ സൈന്യം പിടികൂടി.
ഇന്ത്യൻ സൈനികപോസ്റ്റുകൾ ലക്ഷ്യമിട്ട് പാക്ക് സേനയുടെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി. ബി എസ് എഫും തിരിച്ച് വെടിവച്ചു. ഇതിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടത്. ഒരു ബി എസ് എഫ് പ്രവർത്തകനും പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഹിരാനഗറിൽ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തെ ബി എസ് എഫ് തകർത്തിരുന്നു. ആക്രമണത്തെ തുടർന്ന് കശ്മീരിൽ സൈന്യം അതീവജാഗ്രത തുടരുകയാണ്.
പാക്ക് അധിനിവേശ കശ്മീരിൽ
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിർത്തിയിൽ പാക്ക് സൈനികർ പലതവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. 30 ലധികം തവണ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് പാകിസ്താന്‍ ഇന്നലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.