ആ പ്രകടനം കണ്ട് ധോണിക്ക് ഇരിക്കാന്‍ പോലും സാധിച്ചില്ല, പ്രോത്സാഹനവുമായി കോഹ്‌ലി - സൂപ്പര്‍താരത്തിനു വേണ്ടി റെയ്‌നയെ നായകന്മാര്‍ കൈയൊഴിയുമോ ?!

ധോണിയും കോഹ്‌ലിയും റെയ്‌നയെ കൈവിട്ടേക്കും; കാരണം ഒരാള്‍

  hardik pandya , team india , ms dhoni , virat kohli , suresh raina , india newzeland odi , ഹാർദിക് പാണ്ഡ്യ , ട്വന്റി 20 , വിരാട് കോഹ്‌ലി , ധോണി , ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിനം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (14:07 IST)
ടീം ഇന്ത്യയിലെ സൂപ്പര്‍ താരമാണിപ്പോള്‍ ഹാർദിക് പാണ്ഡ്യ. ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മൽസരത്തിലുൾപ്പെടെ ചില നിർണായക സന്ദര്‍ഭങ്ങളില്‍ നടത്തിയ തകർപ്പൻ പ്രകടനമായിരുന്നു ഈ യുവതാരത്തിലേക്ക് ആരാധകരുടെ ശ്രദ്ധതിരിയാന്‍ കാരണമായത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ പാണ്ഡ്യ നടത്തിയ പ്രകടനമാണ് അദ്ദേഹത്തെ ധോണിപ്പടയിലെ ഹീറോയാക്കിയിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്ക് മുമ്പ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അടുപ്പക്കാരനായ സുരേഷ് റെയ്‌നയ്‌ക്ക് വൈറല്‍ പനി ബാധിച്ചതോടെയാണ് ടീമില്‍ ഇടം നേടിയത്. അരങ്ങേറ്റ മത്സരത്തില്‍ (ധർമശാല ഏകദിനം) മൂന്നു വിക്കറ്റ് നേടി തന്റെ വരവ് അറിയിക്കാനും ഈ യുവതാരത്തിനായി. ഏഴ് ഓവറിൽ 31 റൺസ് മാത്രം വഴങ്ങിയ പാണ്ഡ്യ കളിയിലെ കേമൻ പട്ടവുമായാണ് തിരിച്ചുകയറിയത്.

ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് 243 റൺസെന്ന താരതമ്യേന ദുർബലമായ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വച്ചതെങ്കിലും വിരാട് കോഹ്‌ലി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ വന്നതിലും വേഗത്തില്‍ കൂടാരം കയറുകയായിരുന്നു. രോഹിത് ശർമ, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‍ലി എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനെ കൂട്ടിപിടിച്ച് നടത്തിയ പ്രകടനമാണ് ശ്രദ്ധേയമായത്.

ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനവുമായി പാണ്ഡ്യ കളം നിറഞ്ഞപ്പോള്‍ ഗ്യാലറി ആഘോഷത്തിലായി. പരമ്പരയിലെ ആദ്യ വിജയം സ്വപ്നം കണ്ട കിവികൾ ശരിക്കും വിറച്ചുപോകുകയും ചെയ്‌തു. രണ്ടു വിക്കറ്റുകൾ കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ 55 പന്തിൽ 60 റൺസെന്ന നിലയിൽ ഒരുമിച്ച പാണ്ഡ്യ ഉമേഷ് സഖ്യം ഇത് എട്ടു പന്തിൽ 11 റൺസ് എന്ന നിലയിലേക്ക് കുറച്ചുകൊണ്ടുവന്നു.

ബൗൾട്ട് എറിഞ്ഞ 49മത് ഓവറായിരുന്നു ഇന്ത്യക്ക് തിരിച്ചടിയായത്. ഓവറിന്റെ അഞ്ചാം പന്ത് ഹുക്ക് ചെയ്ത് ബൗണ്ടറിയിലെത്തിക്കാനുള്ള പാണ്ഡ്യയുടെ ശ്രമം സാന്റ്നറിന്റെ കൈകളിൽ അവസാനിച്ചതോടെ ആ വീരോചിത ഇന്നിംഗ്‌സിന് വിരമമായി. ഒപ്പം, ഇന്ത്യൻ പോരാട്ടത്തിനും. വിജയം കൈവിട്ടെങ്കിലും ആരാധക ഹൃദയങ്ങൾ കീഴടക്കിയായിരുന്നു ഹാർദിക്കിന്റെ മടക്കം.

പാണ്ഡ്യ ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ധോണി വിജയം പ്രതീക്ഷിച്ചിരുന്നു. സമ്മര്‍ദ്ദത്തിനിടെ ഡ്രസിംഗ് റൂമിലൂടെ അസ്വസ്ഥനായി നടക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. എന്നാല്‍ കോഹ്‌ലി പ്രോത്സാഹനവുമായി രംഗത്തുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :