അനുബന്ധ വാര്‍ത്തകള്‍
- ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ
- എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും
- വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍: എസ്എന്‍ഡിപി ബോര്‍ഡ് നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി
- വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി
- Ramesh Chennithala: വെള്ളാപ്പള്ളി നടേശനെ ഞാന്‍ കാറില്‍ കയറ്റും: രമേശ് ചെന്നിത്തല
വിഭജനം ഉണ്ടാക്കുന്നവരെ അകറ്റി നിർത്തണം, വെള്ളാപ്പള്ളിയെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ വീട്ടിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചത്.
വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന നേതാവിനെ കാണാനായി പോയത് തെയാണെന്നും മന്ത്രിയില്‍ നിന്ന് രാഷ്ട്രീയപരമായ മാന്യത പ്രതീക്ഷിക്കുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദില്‍ഖിഫില്‍ പ്രതികരിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ വീട്ടിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചത്. വെള്ളാപ്പള്ളിക്ക് മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും വെള്ളാപ്പള്ളി തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ചിത്രം പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിപി ദുല്‍ഖിഫിലിന്റെ വിമര്‍ശനം.
വിപി ദുല്‍ഖിഫിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,
താങ്കള്‍ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങള്‍. കോണ്‍ഗ്രസ് പ്രസ്ഥാനം എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കിയത്. എന്നാല്‍, ഇന്ന് താങ്കള്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വാര്‍ത്തയും ചിത്രങ്ങളും കാണുമ്പോള്‍ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവര്‍ത്തകര്‍ക്കുള്ളത്. അത് താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങള്‍ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദര്‍ശനത്തെ ഞങ്ങള്‍ പൂര്‍ണ്ണമായി അപലപിക്കുകയും ചെയ്യുന്നു.
എസ്എന്‍ഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളില്‍ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വര്‍ഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്. ആ വിദ്വേഷ പരാമര്‍ശങ്ങള്‍ തിരുത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയില്‍ നിന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കപ്പുറം മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നത് ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും തെരുവില്‍ പോരാടുന്ന സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആവേശം നല്‍കേണ്ടത് താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണ്.
താങ്കളിലുള്ള ജനങ്ങളുടെ വലിയ പ്രതീക്ഷകള്‍ക്കും കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും ഒരു തരത്തിലും കോട്ടം തട്ടാത്ത രീതിയിലാകണം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിര്‍ത്താന്‍ താങ്കള്‍ക്ക് കഴിയണം. ഈയൊരു വിഷയം ഉള്‍ക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മതേതര പാരമ്പര്യം താങ്കള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നിലപാടുകള്‍ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നു.