അപ്രതീക്ഷിത ട്വിസ്റ്റ്; മോദിയെ പിന്തുണച്ച് കേജ്‌രിവാള്‍ - കശ്മീരില്‍ ഇനി സമാധാനം പുലരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി !

Arvind Kejriwal, Jammu And Kashmir, Narendra Modi, Amit Shah, അരവിന്ദ് കേജ്‌രിവാള്‍, ജമ്മു കശ്മീര്‍, നരേന്ദ്രമോദി, അമിത് ഷാ
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:55 IST)
തികച്ചും അപ്രതീക്ഷിതമായ ഒരു പ്രതികരണത്തിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രാജ്യത്തെ ഞെട്ടിച്ചു. ബി ജെ പിയും കേന്ദ്രസര്‍ക്കാരും പോലും ഞെട്ടി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് കേജ്‌രിവാള്‍ രംഗത്തുവന്നതാണ് ഏവരെയും അമ്പരപ്പിച്ചത്.

ഈ ഒരു തീരുമാനത്തിലൂടെ കശ്മീരില്‍ ശാന്തിയും സമാധാനവും വികസനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നും അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നതിനിടെ കേജ്‌രിവാളിന്‍റെ പ്രതികരണം വേറിട്ടുനിന്നു. അത് ബി ജെ പി കേന്ദ്രത്തില്‍ ആഹ്ലാദവുമുണര്‍ത്തി.

ഡല്‍ഹിയുടെ അധികാര പരിധിയുമായി ബന്ധപ്പെട്ട് നിരന്തരം കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന കേജ്‌രിവാള്‍ കശ്മീര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ചത് ഏറെ കൌതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നോക്കുകുത്തിയായി നിര്‍ത്തിക്കൊണ്ട് ലെഫ്റ്റനന്‍റ് ഗവര്‍ണറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് തുടര്‍ച്ചയായി ആരോപിക്കുന്ന അരവിന്ദ് കേജ്‌രിവാള്‍ കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിക്കൊപ്പം ചേര്‍ന്നത് പ്രതിപക്ഷത്തിനും തിരിച്ചടിയായി.

പുതുച്ചേരിയുടെ കാര്യത്തില്‍ കേന്ദ്രത്തിനെതിരായ നിലപാടെടുത്ത കേജ്‌രിവാള്‍ കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് ആം ആദ്മി പാര്‍ട്ടിയില്‍ രൂപം കൊണ്ടിട്ടുള്ള വ്യത്യസ്ത ചിന്താധാരകളിലൊന്നിന്‍റെ പ്രതിഫലനം കൂടിയാണ്. ആം ആദ്‌മിയില്‍ നേരത്തേ ഉയര്‍ന്നിട്ടുള്ള ഭിന്നസ്വരങ്ങള്‍ക്ക് ഒരു കാരണം കശ്മീര്‍ വിഷയത്തില്‍ കേജ്‌രിവാളിന്‍റെ നിലപാട് തന്നെയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :