Last Updated:
തിങ്കള്‍, 29 ജൂലൈ 2019 (16:26 IST)
ഡിസ്‌കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയിൽ കാട്ടിലൂടെ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയുടെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. മാൻവേഴ്സസ് വൈൽഡിന്റെ അവതാരകനും അഡ്വഞ്ചററുമായ എഡ്‌വേർഡ് മിഖായേൽ ഗ്രിൽസ് തന്നെയാണ് പ്രധാനമന്ത്രിയോടൊപ്പമുള്ള എപ്പിസോഡിന്റെ ടീസർ പങ്കുവച്ചത്.
വന്യ മൃഗങ്ങളുടെ സരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുത്തത്. ഉത്തരാഗണ്ഡിലെ ജിം കോർബെറ്റ് നാഷ്ണൽ പാർക്കിലൂടെയായിരുന്നു. പ്രധാനമന്ത്രിയുടെയും ബിയർ ഗ്രിൽസിന്റെയും യാത്ര. ഇരുവരും പുൽമെടുകളിലൂടെ നടക്കുന്നതും പുഴയിൽ ചങ്ങാടത്തിൽ യാത്ര ചെയ്യുന്നതും പരിപാടിയുടെ ടീസറിൽ കാണാം.
'വർഷങ്ങളോളം ഞാൻ വനാന്തരങ്ങളിലും മലനിരകളിലുമാണ് താമസിച്ചിരുന്നത്. ആ കാലഘട്ടമാണ് ഇപ്പോഴും എന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. അതിനാൽ തന്നെ പ്രകൃതിയുടെ മടിത്തട്ടിലുള്ള ഇത്തരം ഒരു പരിപാടി എന്നെ ഏറെ ആകർഷിച്ചു'. പ്രധാനമന്ത്രി പറഞ്ഞു പരിപാടി ആഗസ്റ്റ് 12ന് രാത്രി 9 മണിക്ക് ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യും.