ഭര്‍ത്താവിന്റെ കടം ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യ ലൈംഗിക ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം

മുംബൈ| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (11:10 IST)
ഭര്‍ത്താവിന്റെ കടം തീര്‍പ്പാക്കാന്‍ ലൈംഗിക ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിക്കണമെന്ന് മഹാരാഷ്‌ട്രയിലെ ജാതിപഞ്ചായത്തുകള്‍. മഹാരാഷ്‌ട്രയിലെ പര്‍ഭാനി ജില്ലയിലെ എട്ടു ജാതിപഞ്ചായത്തുകളിലാണ് സ്ത്രീകളോട് ലൈംഗിക ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഗോന്ധാലി’ ജാതിയില്‍പ്പെട്ട ദീപക് ഭോര്‍, ദീപകിന്റെ ഭാര്യ എന്നിവര്‍ക്ക് ആയിരുന്നു ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം ലഭിച്ചത്. പര്‍ഭാനി ജില്ലയിലെ സേലുവില്‍ താമസക്കാരായ ഇരുവരും രണ്ടുവര്‍ഷം മുമ്പ് ജാതിപഞ്ചായത്തില്‍ നിന്ന് 90,000 രൂപ കടമെടുത്തിരുന്നു. ഇതില്‍ രണ്ടരലക്ഷം ദമ്പതികള്‍ അടച്ചു തീര്‍ത്തിരുന്നു. എന്നാല്‍, കടം വീട്ടാന്‍ ആറുലക്ഷം രൂപ കൂടി അടയ്ക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദമ്പതികള്‍ ഇത് പറ്റില്ലെന്നു പറഞ്ഞു.

തുടര്‍ന്നാണ്, പണം നല്കാന്‍ കഴിയുന്നില്ലെങ്കില്‍ ലൈംഗിക ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകാന്‍ അധികാരികള്‍ തന്നോട് നിര്‍ദ്ദേശിച്ചെന്ന് ദീപകിന്റെ ഭാര്യ പറഞ്ഞു. ഇതിന് ദമ്പതികള്‍ തയ്യാറായില്ല. തിങ്കളാഴ്ച പഞ്ചായത്ത് അംഗങ്ങള്‍ ഭോറെയുടെ വീട്ടില്‍ എത്തുകയും ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തതായി ഭോറെയുടെ അമ്മാവന്‍ സുഭാഷ് ഉഗിള്‍ പറഞ്ഞു.

വീട്ടുപകരണങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ഭോറെയെ ജാതിഭ്രഷ്‌ട് കല്പിച്ച് വാതില്‍ ബന്ധിക്കുകയും ചെയ്തു. വിലക്ക് വന്നതോടെ ദമ്പതികള്‍ നാസികിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഭോറെയുടെ അമ്മാവനും കുടുംബത്തിനും നേര്‍ക്കായി പഞ്ചായത്തിന്റെ ദേഷ്യം.
ഭോറെയെയും കുടുംബത്തെയും സഹായിച്ചാല്‍ ജാതിവിലക്ക് നേരിടേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് സുഭാഷ് മാന്‍സ് പ്രവര്‍ത്തകരെ ബന്ധപ്പെടുകയും സഹായം തേടുകയും ചെയ്യുകയായിരുന്നു.

സംഭവമറിഞ്ഞ മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലന്‍ സമിതി (മാന്‍സ്) ഉചിതമായ ഇടപെടല്‍ മൂലം ദമ്പതികള്‍ ഊരുവിലക്കില്‍ നിന്നു രക്ഷപ്പെട്ടു. എന്നു മാത്രമല്ല പഞ്ചായത്ത് പിരിച്ചുവിടാനും മാന്‍സിനു കഴിഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന സമിതിയാണ് മാന്‍സ്. നരേന്ദ്ര ദബോല്‍ക്കര്‍ 1989ലാണ് ഈ സംഘടന രൂപീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :