നിസാമിന് വധശിക്ഷ നല്കണം; പണി ചെയ്ത് ജീവിക്കാനറിയാം; നിസാമിന്റെ കോടിക്ക് വേണ്ടി പിന്നാലെ പോകില്ലെന്നും ചന്ദ്രബോസിന്റെ ഭാര്യ

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 20 ജനുവരി 2016 (12:32 IST)
ചന്ദ്രബോസ് വധക്കേസില്‍ കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും കോടതിയില്‍ എത്തിയിരുന്നു. നിസാമിനെ കുറ്റക്കാരനായി വിധിച്ച കോടതിവിധി കേട്ട ശേഷം പുറത്തേക്കിറങ്ങിയ ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങള്‍ക്കു വേണ്ടി പൊലീസുകാരും അഭിഭാഷകരും കഷ്‌ടപ്പെട്ടിട്ടുണ്ട്. അതിനുള്ള ഫലം നാളെ ശിക്ഷ വിധിക്കുമ്പോള്‍ ലഭിക്കണം. നിസാമിന് വധശിക്ഷ തന്നെ ലഭിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും വ്യക്തമാക്കി.

ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപ നിസാം നഷ്‌ടപരിഹാരം നല്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, നിസാമിന്റെ പണം വേണ്ടെന്നും പണി ചെയ്ത് ജീവിക്കാന്‍ അറിയാമെന്നും ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു. “അവന്റെ പണം ഞങ്ങള്‍ക്ക് വേണ്ട. പണി ചെയ്ത് ജീവിക്കാനും മക്കളെ വളര്‍ത്താനും അറിയാം. അവന്റെ കോടിക്ക് വേണ്ടി പിന്നാലെ പോകില്ല” - ചന്ദ്രബോസിന്റെ ഭാര്യ വ്യക്തമാക്കി.

നിസാമിന് വധശിക്ഷ തന്നെ നല്കണമെന്ന് ചന്ദ്രബോസിന്റെ അമ്മയും ആവശ്യപ്പെട്ടു. “അവന്‍ ഇനി ജീവിക്കേണ്ട, ഇനി ഒരാളുടെ മേല്‍ക്കും അവന്‍ കൈ പൊക്കരുത്” - ചന്ദ്രബോസിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

(ചിത്രത്തിന് കടപ്പാട് - ജയ്‌ഹിന്ദ് ടിവി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :