സല്‍മാന്‍ ഖാന്റെ അഭിഭാഷകന്റെ ഫീസ് പ്രതിദിനം 30ലക്ഷം രൂപ

സല്‍മാന്‍ ഖാന്‍ കേസ് , ബോളിവുഡ് , ഹരീഷ് സാല്‍വെ , അഭിഭാഷകന്‍
മുംബൈ| jibin| Last Updated: വെള്ളി, 8 മെയ് 2015 (15:42 IST)
വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ മദ്യപിച്ച് വാഹനമോടിച്ചു കയറ്റി ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനു മൂന്ന് മണിക്കൂറിനുള്ളില്‍ ഇടക്കാല ജാമ്യം നേടിക്കൊടുത്തത് രാജ്യത്തെ മുന്‍നിര അഭിഭാഷകനായ ഹരീഷ് സാല്‍വെയുടെ മിടുക്ക്. സല്‍മാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കിടക്കേണ്ടി വരുമെന്ന സാഹചര്യം സംജാതമായപ്പോള്‍ സെഷന്‍സ് കോടതി വിധിപ്പകര്‍പ്പ് പ്രതിക്കു നല്‍കിയിട്ടില്ല എന്ന സാങ്കേതികതയില്‍ തൂങ്ങി ഹരീഷ് സാല്‍വെ താരത്തിന് ഇടക്കാല ജാമ്യം നേടിക്കൊടുക്കുകയായിരുന്നു.

പ്രതിദിനം 30 ലക്ഷം രൂപയാണ് ഹരീഷ് സാല്‍വെയുടെ വക്കീല്‍ ഫീസ്. ഹരീഷ് സാല്‍വെക്ക് കീഴിലുള്ള അഭിഭാഷകരുടെ സംഘമാണ് ഓരോ കേസും പഠിച്ച് അതിലെ സൂഷ്‌മതകള്‍ തിരിച്ചറിയുന്നത്. കക്ഷികളെ അനായാസം നിയമക്കുരുക്കില്‍ നിന്നും പുറത്തുകൊണ്ടുവരാനുള്ള അസാമാന്യ പാടവമുള്ള ഇദ്ദേഹം മണിക്കൂറിനു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുകയാണ് പതിവ്. കോര്‍പറേറ്റുകളുടെയും സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട വക്കീലാണ് ഹരീഷ് സാല്‍വെ.

കേസില്‍ ബുധനാഴ്ചയാണ്, മുംബൈയ് സെഷൻസ് കോടതി സൽമാൻ ഖാന് അ‌ഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചത്. അന്ന് തന്നെ സൽമാൻ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് രണ്ടു ദിവസത്തേക്ക് സൽമാന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും
ചെയ്തിരുന്നു.

നീര റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റക്കുവേണ്ടിയും കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതി വാതകഖനനവുമായി ബന്ധപ്പെട്ട കേസില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനുവേണ്ടിയും ഹാജരായത് ഹരീഷ് സാല്‍വേയാണ്. മുകേഷ് അംബാനി ഈ കേസില്‍ മാത്രം 15 കോടി രൂപയാണ് വക്കീല്‍ ഫീസായി നല്‍കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :