രേണുക വേണു|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (08:02 IST)
സ്വന്തം പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. അച്ഛന്റെ പേര് തന്നെ മക്കള്‍ സ്വന്തം പേരിനൊപ്പം ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കോടതി പറഞ്ഞു. മക്കളുടെ പേരിനൊപ്പം തന്റെ പേര് മാത്രം ചേര്‍ക്കണമെന്ന് വാശി പിടിക്കാന്‍ അച്ഛന്‍മാര്‍ക്ക് അവകാശമില്ല. മക്കള്‍ അച്ഛന്‍മാരുടെ മാത്രം കുത്തകയല്ലെന്നും കോടതി നിരീക്ഷിച്ചു. മകളുടെ പേരിനൊപ്പം ഭാര്യയുടെ പേരാണ് ചേര്‍ത്തിരിക്കുന്നതെന്നും അത് ഒഴിവാക്കി തന്റെ പേര് ചേര്‍ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ത്ത നടപടി ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് രേഖ പാലി ശ്രീവാസ്തവയുടെ ഹര്‍ജി തള്ളി.
'പേരിനൊപ്പം തന്റെ പേര് മാത്രം ചേര്‍ക്കണമെന്ന് മകളോട് ആവശ്യപ്പെടാന്‍ പിതാവിന് അവകാശമില്ല. അമ്മയുടെ പേരിനൊപ്പം അറിയപ്പെടുന്നതില്‍ പെണ്‍കുട്ടി സന്തോഷവതിയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം?' കോടതി ചോദിച്ചു.