ശ്രീഹരിക്കോട്ട|
Last Updated:
തിങ്കള്‍, 30 ജൂണ്‍ 2014 (11:22 IST)
പിഎസ്‌എല്‍വി സി 23 വിക്ഷേപണം അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തിന് ഹോളിവുഡ് സിനിമ 'ഗ്രാവിറ്റി‘യേക്കാള്‍ ചെലവ് കുറവാണെന്നും മോഡി പറഞ്ഞു. പിഎസ്‌എല്‍വി സി 23യുടെ വിക്ഷേപണത്തിന് സാക്‍ഷ്യം വഹിക്കാന്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയതായിരുന്നു അദ്ദേഹം.
ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വികസിതരാജ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന നിമിഷമാണിതെന്നും മോഡി പറഞ്ഞു.
ടെക്‍നോളജിയാണ് വികസനത്തിന്റെ നട്ടെല്ല്. നമ്മുടെ ദേശത്തിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുന്ന ഉപകരണമാണ്. കഴിവിനെക്കുറിച്ചും വേഗതയെയും വികസനത്തെയുംക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ സ്പേസ് മ്യൂസിയം വികസിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണമെന്നും മോഡി ചൂണ്ടിക്കാട്ടി. വിക്ഷേപണത്തിന് നേതൃത്വം വഹിച്ച ഡോ കെ രാധാകൃഷ്ണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
രാവിലെ 9.52ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഫ്രാന്‍സിന്റെ സ്പോട്ട് - 7, കാനഡയുടെ കാന്‍ എക്സ്- 4, കാന്‍ എക്സ്- 5, ജര്‍മനിയുടെ എയ്സാറ്റ്, സിംഗപ്പൂരിന്റെ വെലോക്സ്- 1 എന്നീ ഉപഗ്രഹങ്ങളെയാണ് നിശ്ചിത സമയത്തിനുള്ളില്‍ ഭ്രമണപഥത്തിലെത്തിച്ചത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പാര്‍ലമെന്റികാര്യ മന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗ് എന്നിവരും വിക്ഷേപണത്തിന് സാക്‍ഷ്യം വഹിക്കുന്നതിന് എത്തിയിരുന്നു.
കൃത്യമായ കാലാവസ്ഥ പ്രവചനമാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്‍ഷ്യം. സമുദ്ര പഠനം, ഭൌമ നിരീക്ഷണം എന്നിവയും ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ കൂടുതല്‍ കാര്യക്ഷമമാകും. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനും വിദേശ ഏജന്‍സികളും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് വിക്ഷേപണം.