ന്യൂഡൽഹി|
സജിത്ത്|
Last Modified ഞായര്‍, 18 ഡിസംബര്‍ 2016 (10:20 IST)
നോട്ട് പിൻവലിക്കലിന് ശേഷം ഒരു തരത്തിലുള്ള പ്രത്യേക ഇളവുകളും രാഷ്ട്രീയ പാർട്ടികൾക്ക് നൽകില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി ഇളവ് നൽകുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി ജെയ്റ്റ്ലി രംഗത്തെത്തിയത്. നിലവിലെ ആദായ നികുതി നിയമ പ്രകാരമുള്ള ഇളവുകൾ മാത്രമേ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകുയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1961ലെ ആദായ നികുതി നിയമം 13A വകുപ്പ് പ്രകാരമുള്ള ഇളവുകൾ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുകയുള്ളൂ. നിലവിലുള്ള നിയമത്തിൽ പുതുതായി ഒരു മാറ്റവും സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്നും ജെയ്റ്റ്ലി അറിയിച്ചു. സാധാരണജങ്ങളെ പോലെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ കൈയിലുള്ള പഴയ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ ഡിസംബർ 30വരെ നിക്ഷേപിക്കാം. എന്നാൽ അത്തരത്തിൽ നിക്ഷേപിക്കുന്ന നോട്ടുകളുടെ സ്രോതസ്സ് അവരും കാണിക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.