ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 13 ഡിസംബര്‍ 2014 (10:52 IST)
രാജ്യത്തിന്റെ മനസാക്ഷിയേ ഞെട്ടിച്ച പാര്‍ലമെന്റ് ഭീകരാക്രമണ കേസിന് ഇന്ന് 13 വര്‍ഷം തികയുന്നു. 2001 ഡിസംബര്‍ 13 നാണ് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ചാവേറാക്രമണത്തിനായെത്തിയത്. പാര്‍ലമെന്റിനകത്തേക്ക് കടക്കുന്നതില്‍ നിന്നും തീവ്രവാദികളെ തുരത്തുന്നതില്‍ സുരക്ഷാ ജീവനക്കാര്‍ വിജയിച്ചെങ്കിലും ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു തോട്ടക്കാരനും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. പതിനെട്ടു പേര്‍ക്ക് പരുക്കേറ്റു
കഴിഞ്ഞ വര്‍ഷമാണ് കേസില്‍ മുഖ്യപ്രതിയായിരുന്ന അഫസ്ല് ഗുരുവിനെ തൂക്കിലേറ്റിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ഭീകരര്‍ പാര്‍ലമെറ്റ് വളപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. സമ്മേളനത്തിനിടെ പ്രതിപക്ഷ ബഹളം മൂലം സഭ നിര്‍ത്തിവച്ചിരിക്കേയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലാണ് തീവ്രവാദികള്‍ എത്തിയതെന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറിനെ പരിശോധിക്കാന്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് അമിതവേഗതയില്‍ വന്ന ഭീകരരുടെ കാര്‍ പാര്‍ലമെന്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഉപരാഷ്ട്രപതി കൃഷ്ണകാന്തിന്റെ കാറില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. ആയുധങ്ങളുമായി ചാടിയിറങ്ങിയ ഭീകരര്‍ തലങ്ങു വിലങ്ങും നിറയൊഴിച്ചുകൊണ്ട് പാര്‍ലമെന്റിനുള്ളിലേക്ക് കടക്കാനായി പാഞ്ഞു.
എന്നാല്‍ കാര്യമറിയാതെ ഒരുനിമിഷം പകച്ചുപോയ പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തിരിച്ചടിച്ചു. പാര്‍ലമെന്റിന് അകത്തേക്കുള്ള കവാടങ്ങളെല്ലാം നിമിഷങ്ങള്‍ കൊണ്ടടച്ചു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച തീവ്രവാദിയെ ആദ്യം വെടിവച്ച് വീഴ്ത്തി. തൊട്ടു പിന്നാലെ മറ്റു നാലു പേരെയും. ഈ സമയത്ത് പാര്‍ലമെന്റില്‍ അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന് എല്‍കെ അദ്വാനി, മറ്റ് മന്ത്രിമാര്‍, ഉപരാഷ്ട്രപതി എന്നിവരുണ്ടായിരുന്നു.
ഒറ്റയടിക്ക് രാജ്യത്തിന്റെ തലമുതിര്‍ന്ന രാഷ്ട്ര്രീയ നേതാക്കളെയും ഭരണാധിപന്മാരേയും വകവരുത്തുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. അതുവഴി രാജ്യത്ത് അരാജകത്വവും അനൊശ്ചിതാവസ്ഥയും സൃഷ്ടിക്കാനായിരുന്നു തീവ്രവാദികള്‍ ശ്രമിച്ചത്.
പാക്ക് തീവ്രവാദ സംഘടനകളായ ലഷ്കറെ തയിബയും, ജയ്ഷെ മുഹമ്മദുമാണ് ആക്രമണത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ അഫ്സല്‍ ഗുരുവിനെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ തൂക്കിലേറ്റി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.