ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (18:14 IST)
ലിവിംഗ് ടുഗതറിന്റെ പരാജയവും ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാത്തതുമാണ് പീഡനക്കേസുകള്‍ രാജ്യത്ത് വര്‍ധിപ്പിക്കാനിടയാക്കിയതെന്ന് ഡല്‍ഹി പോലീസിന്റെ ക്രൈം റിപ്പോര്‍ട്ട്. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് രാജ്യത്തെ പീഡനക്കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായും രേഖകള്‍ വ്യക്‌തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡല്‍ഹി പോലീസിന്റെ കീഴില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള കേസുകളുടെ അടിസ്‌ഥാനത്തില്‍ ഒരു ദേശിയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. കാലയളവിനുള്ളില്‍ രാജ്യതലസ്‌ഥാനത്ത് 1,656 പീഡനക്കേസുകളാണ് റിപ്പോര്‍ട്ടുചെയ്‌തിട്ടുള്ളത്. ഇതില്‍ 25.31 ശതമാനം കേസുകളും(419 കേസുകള്‍) ലിവിങ് ടുഗതര്‍ ബന്ധം പരാജയപ്പെട്ടതിനെ തുടര്‍ന്നും വിവാഹ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാത്തതിലൂടെയും രജിസ്‌റ്റര്‍ ചെയ്‌തവയാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി ചൂണ്ടിക്കാണിക്കുന്നു.
രേഖപ്പെടുത്തിയിട്ടുള്ളവയില്‍ കൂടുതല്‍ കേസുകളിലും ഇരയുടെ സുഹൃത്തുക്കളും കുടുംബ സുഹൃത്തുക്കളുമാണ് പ്രതികള്‍. കഴിഞ്ഞ ഒരുവര്‍ഷത്തെ കേസുകളുടെ എണ്ണത്തില്‍ 38.89 ശതമാനവും(664 കേസുകള്‍) ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തവയാണ്. 281 മുതല്‍ 233 വരെ കേസുകളില്‍ അയല്‍ക്കാരും ബന്ധുക്കളുമാണ് പ്രതികള്‍. 2010ല്‍ ഡല്‍ഹിയില്‍ ഒരു ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശരാശരി 3.09 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എന്നാല്‍ 2015ലെ കണക്കനുസരിച്ച് ഇത് 12.21 ആയി വര്‍ധിച്ചു.