അഭിറാം മനോഹർ|
Last Updated:
ബുധന്‍, 4 ഡിസംബര്‍ 2019 (17:41 IST)
സ്ത്രീകൾ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാൽ അക്രമം ഒഴിവാക്കാമെന്നും സംവിധായകൻ ഡാനിയേൽ ശ്രാവൺ. തെലുങ്കാനയിൽ യുവഡോക്ടർ
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ബലാത്സംഗം നേരിടാൻ സ്ത്രീകളെടുക്കേണ്ട മുൻകരുതലുകൾ എന്ന പേരിൽ സാമൂഹ്യമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് സംവിധായകന്റെ വിവാദപരാമർശം.
ബലാത്സംഗം എന്ന് പറയുന്നത് അത്ര കാര്യമായ സംഗതിയല്ല, പക്ഷേ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കപ്പെടേണ്ടതാണ്. ബലാത്സംഗം ചെയ്യുന്ന ആൾക്ക് നിയമത്തിൽ ഇളവ് നൽകുകയാണെങ്കിൽ ഇത്തരക്കാർക്ക് കൊലപാതകം എന്ന ചിന്ത മനസിൽ വരികയില്ല. ഇത്തരത്തിൽ ബലാത്സംഗം ആവർത്തിക്കപെടാനുള്ള പ്രധാന കാരണക്കാർ സത്യത്തിൽ സമൂഹവും വനിതാ സംഘടനകളുമാണ്. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാൽ കൊലപാതകമെന്ന ക്രൂരക്രുത്യത്തിൽ നിന്നും സ്ത്രീകൾക്ക് രക്ഷപ്പെടാനാകും
ഇതിനായി അക്രമങ്ങളില്ലാത്ത ബലാത്സംഗങ്ങൾ നിയമവിധേയമാക്കണം. 18 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗത്തെ പറ്റി ബോധവതികളാക്കണം. എന്നാൽ പെൺകുട്ടികൾ പുരുഷന്മാരുടെ ലൈംഗീകാഭിലാഷത്തെ വിലക്കാൻ പാടില്ല. എന്നാൽ മാത്രമേ ഇത്ത്രം സംഭവങ്ങൾ ആവർത്തിക്കാതിരിക്കു. വീരപ്പനെ കൊന്നാൽ കള്ളകടത്ത് ഇല്ലാതാകാത്തത് പോലെ,ലാദനെ കൊന്നാൽ തീവ്രവാദം ഇല്ലാതാകാത്തത് പോലെ ബലാത്സംഗത്തിനെ
നിർഭയ ആക്ട് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. അങ്ങനെ കരുതുന്നത് മണ്ടത്തരമാണ്.
ഇന്ത്യയിലെ പെൺകുട്ടികൾക്ക് ലൈംഗീകവിദ്യഭ്യാസം നൽകുക. 18 വയസ് കഴിഞ്ഞ പെൺകുട്ടികൾ കോണ്ടവും ഡെന്റൽ ഡാമുകളും കൈവശം വെക്കുക. ലൈംഗീകാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. സർക്കാർ ഇത്തരത്തിൽ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കേണ്ടിയിരിക്കുന്നു -ഇതായിരുന്നു ഡാനിയേൽ ശ്രാവണിന്റെ കുറിപ്പ്
എന്നാൽ പോസ്റ്റ് വിവാദമായതോടെ ഇയാൾ കുറിപ്പ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞു രംഗത്തെത്തുകയും ചെയ്തു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ അതിനകം തന്നെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചതോടെ ഒട്ടനേകം പേർ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഡാനിയേൽ ശ്രാവണിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.