ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 19 ജൂണ്‍ 2014 (09:40 IST)
രാജ്യത്ത് സിപിഐക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാളെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം ചേരാനിരിക്കെ ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു.
തൃശൂര്‍ ലോക്‌സഭാംഗം സിഎന്‍ ജയദേവന്‍ മാത്രമാണ് പാര്‍ലമെന്റില്‍ ആകെയുള്ള സിപിഐയുടെ അംഗം. കുറഞ്ഞത് നാല് സംസ്‌ഥാനങ്ങളില്‍ ആകെ പോള്‍ ചെയ്‌ത വോട്ടില്‍ ആറ് ശതമാനം നേടുകയും ലോക്‌സഭയില്‍ കുറഞ്ഞത് നാല് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും ചെയ്‌താലാണ് ദേശീയപാര്‍ട്ടിയായി അംഗീകരിക്കുന്നത്.
അല്ലെങ്കില്‍ മൂന്ന് വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലെ മൊത്തം അംഗ സംഖ്യയുടെ രണ്ട് ശതമാനം(543 അംഗ സഭയിലെ 11 പേര്‍) പ്രതിനിധികളായി ഉണ്ടായിരുന്നാലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താമായിരുന്നു. ഈ വ്യവസ്‌ഥകള്‍ പാലിക്കുന്നതില്‍ സിപിഐ. പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.