പെയ്ഡ് ന്യൂസ്: സ്ഥാനാര്‍ഥികളെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം

ന്യുഡല്‍ഹി| Last Modified തിങ്കള്‍, 5 മെയ് 2014 (12:09 IST)
പെയ്ഡ് ന്യൂസ് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ചെലവുകളില്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നവരെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. കോണ്‍ഗ്രസ നേതാവ് അശോക് ചവാന്‍, മധു കോഡ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. 
 
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ചവാനെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് 2010ല്‍ തല്‍‌സ്ഥാനത്തുനിന്ന് നീക്കിയത്. 2009ലെ തെരഞ്ഞെടുപ്പില്‍ ചവാന്‍ പെയ്ഡ് ന്യുസ് ഇനത്തില്‍ ചെലവഴിച്ച തുക പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ബിജെപിയും മറ്റു കക്ഷികളും ആരോപിച്ചിരുന്നു. തന്റെ ഭരണനേട്ടങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ ചവാന്‍ പെയ്ഡ് ന്യുസ് എന്ന ആരോപണം നിഷേധിക്കുകയായിരുന്നു. മാധ്യമങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തലായിരുന്നു അവയെന്നായിരുന്ന ചവാന്റെ മറുപടി.
 
പെയ്ഡ് ന്യൂസ് സംഭവത്തില്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് അശോക് ചവാന്‍, മധു കോഡ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :