അനു മുരളി|
Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (15:26 IST)
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികൾ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിലാണ് തമിഴ്നാട്ടിൽ കേസുകൾ വൻ തോതിൽ വർധിച്ചത്. ഇപ്പോഴിതാ, തമിഴ്നാടിനെ ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്ത്.
കൊവിഡ് 19 പോസിറ്റീവ് ആയ രോഗിയെ അബദ്ധത്തിൽ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തിരിക്കുകയാണ്. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. ദേശീയ മാധ്യമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയ 26 പേരെ അഡ്മിറ്റ് ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. ആദ്യ കൊവിഡ് പരിശോധനയിൽ ഇവർ 26 പേരുടെയും ടെസ്റ്റ് ടിസൾട്ട് നെഗറ്റീവ് ആയിരുന്നു. ഇതിനെ തുടർന്ന് അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്തു.
ഇതിനുശേഷമാണ് രണ്ടാമത്തെ റിസൾട്ട് വന്നത്. ഇതിൽ ഡിസ്ചാർജ് ആയ 4 പേർക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇവരിൽ മൂന്ന് പേരെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ തിരിച്ചെത്തിച്ചു. എന്നാൽ ദില്ലി സ്വദേശിയായ 30കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇയാൾ നഗരത്തിലെത്തിയത്. ലോക്ക് ഡൗൺ വന്നതോടെ തിരികെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇയാൾ വെട്ടിലാവുകയായിരുന്നു. ഇതിനുശേഷമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും ഡിസ്ചാർജ് ആയതും.
ഇയാളെ കണ്ടെത്തുന്നതിനായി മൂന്ന് ടീമുകള്‍ പോലീസ് രൂപീകരിച്ചിരിക്കുകയാണ്. നഗരം മുഴുവൻ പൊലീസ് അരിച്ച് പെറുക്കുകയാണ്.