ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
ശനി, 6 ജൂണ്‍ 2015 (17:27 IST)
രാജ്യത്തെ കമ്പനി നിയമങ്ങളില്‍ സമൂലമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം എട്ടംഗ സമിതിയെ നിയോഗിച്ചതായാണ് വാര്‍ത്തകള്‍. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രശ്‌നങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
കോര്‍പറേറ്റ് അഫയേഴ്‌സ് സെക്രട്ടറി അഞ്ചുലി ചിബ് ദുഗ്ഗല്‍ ആണ് സമിതിയുടെ അധ്യക്ഷ. മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ സാരഥികള്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി, സ്വകാര്യ കമ്പനി ഉദ്യോസ്ഥര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. 2013 ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ ഇതിനോടകം നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റ് സെഷനില്‍ 16 ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും വ്യവസായ ലോകം വീണ്ടും ഭേദഗതി ആവശ്യപ്പെട്ടതോടെയാണ് സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമത്തിലെ 470 വ്യവസ്ഥകളില്‍ ഇതുവരെ 40 ശതമാനവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. വീണ്ടും ഭേദഗതി ആവശ്യമുയര്‍ന്നതിനാല്‍ പാപ്പരത്ത നിയമ ഭേദഗതി സമിതി, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി നിയമ സമിതി, നിയമ കമ്മീഷന്‍, വിഷയവുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ സമിതി പരിശോധിക്കും. ആവശ്യമെങ്കില്‍ വിദഗ്ധരുടെ ഉപദേശം തേടാനും സമിതി തീരുമാനിച്ചിട്ടുണ്ട്.