ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 29 മെയ് 2015 (14:39 IST)
സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധന കാലമായ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള 61 ദിവസം സമുദ്രാതിര്‍ത്തി ലംഘിക്കുന്ന വിദേശ ട്രോളറുകള്‍ പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര കൃഷിമന്ത്രാലയം തീരസംരക്ഷണ സേനയ്ക്ക് നല്‍കിയിട്ടുണ്ട്. തദ്ദേശീയ കപ്പലുകള്‍ക്കും സമുദ്രത്തിന്‍റെ 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് മാത്രമേ മത്സ്യബന്ധനം അനുവദിച്ചിട്ടുള്ളൂവെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.
നിര്‍ദ്ദേശം ലംഘിച്ച് അതിര്‍ത്തിയില്‍ കടക്കുന്ന ട്രോളറുകള്‍ പിടിച്ചെടുക്കാനും കപ്പലുകളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും സേനയ്ക്ക് നല്‍കിയ ഉത്തരവിലുണ്ട്.
സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തുയിരിക്കുന്നത് രാജ്യത്തിന്‍റെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് തനതു സമുദ്ര സാമ്പത്തികമേഖലയിലാണ്. ഇതിനപ്പുറത്തുള്ള മത്സ്യബന്ധനത്തിന് നിരോധനമില്ല. കൂടാതെ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നവര്‍ക്കും നിരോധനം ബാധകമല്ല. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് ട്രോളിംഗ് നിരോധന കാലയളവ് 61 ദിവസമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.