ന്യൂഡല്‍ഹി|
Last Modified ഞായര്‍, 1 ജൂണ്‍ 2014 (11:02 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ
സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രത്യേക തുരങ്കം നിര്‍മ്മിക്കുന്നു. മോഡിയുടെ ഔദ്യോഗിക വസതിയായ 7 ആര്‍സിആറില്‍ നിന്നും സഫ്ദര്‍ജംഗ് വിമാനത്താവളത്തിലേക്കാണ് രണ്ട് കിലോമീറ്ററുള്ള തുരങ്കം നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയും സഫ്ദര്‍ജംഗ് വിമാനത്താവളവും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരമാണുള്ളത്. കേമല്‍ അതുര്‍ക്ക് മാര്‍ഗ്, ഡല്‍ഹി റേസ് ക്ലബ് എന്നിവിടങ്ങളിലൂടെയാണ് തുരങ്കം കടന്നു പോകുന്നത്.
തുരങ്കം നിര്‍മ്മിക്കുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കില്‍ പെടാതെ ചുരുങ്ങിയ സമയം കൊണ്ട് വിമാനത്താവളത്തിലെത്താന്‍ കഴിയും. എന്നാല്‍ തുരങ്കം ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നാണ് സൂചന. തുരങ്കത്തിന്റെ നിര്‍മ്മാണം കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെയാണ് നരേന്ദ്ര മോഡി റേസ് കോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വസതിയിലേക്ക് താമസം മാറിയത്. 26-ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും ഗുജറാത്ത് ഭവനിലായിരുന്നു മോഡി താമസിച്ചിരുന്നത്.
നഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയാണ് റേസ് കോഴ്‌സ് റോഡ്. ഈ റോഡ് സ്ഥിരമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അഞ്ച് ബംഗ്ലാവുകള്‍ ഉള്‍പ്പെടുന്നതാണ് 7 ആര്‍സിആര്‍. 1,3,5,7,9 നമ്പറുകളുളള ബംഗ്ലാവുകളാണവ. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സമുച്ചയത്തിന് ഏര്‍പ്പെടുത്തിയിട്ടുളളത്. 9-ാം നമ്പര്‍ വസതിയില്‍ പ്രത്യേക സുരക്ഷാ സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹി റേസ് ക്ലബ്ബ് റോഡില്‍ നിന്ന് മാത്രമേ ഈ കെട്ടിടസമുച്ചയത്തിലേക്ക് കടക്കാനാകൂ. സഫ്ദര്‍ ജംഗ് റോഡില്‍ നിന്ന് ഇവിടേക്കുളള പ്രവേശന കവാടം സ്ഥിരമായി അടച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയ്ക്ക് മാത്രം ഇതിലൂടെ യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. കെട്ടിട സമുച്ചയ പരിസരം സുരക്ഷാ സൈനികരുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.
ഇതില്‍ മൂന്നാം നമ്പര്‍ ബംഗ്ലാവാണ് കഴിഞ്ഞ പത്ത് വര്‍ഷമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് താമസിക്കാനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമി അടല്‍ ബിഹാരി വാജ്‌പേയി അഞ്ചാം നമ്പര്‍ വസതിയിലാണ് താമസിച്ചിരുന്നത്. മോഡിയും ഇതേ വസതിയാണ് ഉപയോഗിക്കുന്നത്. മന്‍മോഹന്‍ സിംഗ് ഇത് അതിഥി മന്ദിരമായാണ് ഉപയോഗിച്ചിരുന്നത്. ബാക്കിയുളളവ ഓഫീസ് മന്ദിരങ്ങളായി ഉപയോഗിക്കും. കെട്ടിട സമുച്ചയത്തിലേക്ക് ഇദ്ദേഹത്തിന്റെ സാധനങ്ങള്‍ മാറ്റിക്കഴിഞ്ഞു. താമസം മാറും മുമ്പ് വസതിയില്‍ പൂജയും മോഡി നടത്തിയിരുന്നു. അതേസമയം കെട്ടിടത്തില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങളൊന്നും വരുത്തിയിട്ടില്ല.