പഞ്ചാബില്‍ ബിജെപിയുടെ സ്ഥാനം എവിടെ ?; കെജ്‌രിവാളിന്റെ ആയുധം ഇതോ ?

കെജ്‌രിവാള്‍ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്കോ ?

 Kejriwal , Punjab , Election , Delhi CM Arvind Kejriwal , Delhi CM , AAP , BJP , Congress , Arvind Kejriwal , അരവിന്ദ് കെജ്‌രിവാള്‍ , ആം ആദ്‌മി പാര്‍ട്ടി , പഞ്ചാബ് , പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് , ബിജെപി , നരേന്ദ്ര മോദി , കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 11 ജനുവരി 2017 (17:25 IST)
ഡല്‍ഹിയിലെ മികച്ച വിജയത്തിന് പിന്നാലെ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു, ഞങ്ങളുടെ അടുത്ത ലക്ഷ്യം പഞ്ചാബ് ആണെന്ന്. ഇന്ന് ഡല്‍ഹി മുഖ്യമന്ത്രിയായി രാജ്യ തലസ്ഥാനം ഭരിക്കുന്ന കെജ്‌രിവാളിന് കടുത്ത വെല്ലുവിളിയാണ് ഫെബ്രുവരി നാലിന് നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്.

പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നത് പാര്‍ട്ടിയില്‍ നിന്നുള്ള ഒരാളായിരിക്കുമെന്നും താന്‍ മത്സര രംഗത്തുണ്ടായിരിക്കുകയില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയതോടെ മത്സരം കൂടുതല്‍ തീവൃമാകും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ആരോ പ്രചരിപ്പിച്ച ഈ വാര്‍ത്ത പഞ്ചാബ് ജനതയില്‍ പുത്തനുണര്‍വുണ്ടാക്കി എന്നത് കാണാതിരിക്കാ‍നാവില്ല.


പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്‍‌മരണ പോരാട്ടമാണെങ്കില്‍ നോട്ട് അസാധുവാക്കല്‍ നടപടി ജനം ഏറ്റെടുത്തു എന്ന് തെളിയിക്കേണ്ട അവസ്ഥയാണ് ബിജെപിക്കുള്ളത്. അഭിപ്രായ സര്‍വേകളില്‍ ആം ആദ്‌മി മുന്നേറുമെന്ന് വ്യക്തമാക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടിറക്കി വോട്ട് പിടിക്കാനാണ് ബിജെപിയുടെ തീരുമാനം.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അനിശ്ചിതത്ത്വം തുടരുമ്പോള്‍ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ വ്യാപകമായ പ്രതിഷേധം നേരിടുന്നതാണ് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇവിടെയാണ് ആം ആദ്‌മിയുടെ നേട്ടവും. പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയെ എത്തിക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തുമ്പോള്‍ പ്രിയങ്കയുടെ സാന്നിധ്യവും സംസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ട്.


സംസ്ഥാനത്ത് ആം ആദ്‌മി അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഒരു ദളിത് ആയിരിക്കും ഉണ്ടാകുമെന്ന്
കെജ്‌രിവാള്‍ പറഞ്ഞത് ആരും മറന്നിട്ടുണ്ടാകില്ല. ജാതി- മത സമവാക്യങ്ങള്‍ കണക്കു കൂട്ടലുകള്‍ തെറ്റിച്ചില്ലെങ്കില്‍ കെജ്‌രിവാളാകും പഞ്ചാബില്‍ ചിരിക്കുക. നേരിടുന്ന പ്രതിസന്ധിക്കൊപ്പം മുന്നില്‍ നിന്ന് നയിക്കാന്‍ ആരുമില്ലാത്തതും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തു. അസംതൃപ്‌തരായ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടമായിരുന്നു ഡല്‍ഹിയില്‍ ആം ആദ്‌മിക്ക് ജയം സമ്മാനിച്ചത്. അതേസാഹചര്യം തന്നെയാണ് ഇപ്പോള്‍ പഞ്ചാബിലുമുള്ളത്.

രാജ്യമാകെ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ആം ആദ്‌മിക്കൊപ്പം നില്‍ക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് മടിയുണ്ടാകില്ല. ബിജെപിയുടെ കടന്നുവരവിനെ ഇവര്‍ സ്വാഗതം ചെയ്യുന്നുമില്ല. നോട്ട് അസാധുവാക്കല്‍ ജനം ഏറ്റെടുത്തുവെന്ന് ബിജെപി പറയുമ്പോഴും അതുണ്ടാക്കിയ ദുരിതങ്ങള്‍ തുടരുകയാ‍ണ്. കേന്ദ്ര സര്‍ക്കാരിനെ അടിക്കാനുള്ള ഈ ആയുധം ആം ആദ്‌മി ഫലപ്രദമായി ഉപയോഗിക്കുമെന്ന് വ്യക്തമാണ്. നോട്ട് അസാധുവാക്കലില്‍ കോണ്‍ഗ്രസിനെക്കാളും എതിര്‍പ്പും പ്രതിഷേധവും നടത്തിയത് കെജ്‌രിവാളായിരുന്നു.



കോണ്‍ഗ്രസ് ഇനിയും ഉണര്‍ന്നില്ലെങ്കില്‍ പഞ്ചാബ് ഒരു ഓര്‍മ്മ മാത്രമാകും സോണിയാ ഗാന്ധിക്കും കൂട്ടര്‍ക്കും. നോട്ട് അസാധുവാക്കലിന്റെ ഗുണങ്ങളും വരാന്‍ പോകുന്ന നേട്ടങ്ങളും ജനത്തിനെ ബോധ്യപ്പെടുത്തിയാല്‍ മാത്രമെ ബിജെപിക്കും സാധ്യതയുള്ളു. എന്നാല്‍ യാതൊരുവിധ ടെന്‍‌ഷനുമില്ലാതെ ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കുമെന്നതാണ് ആം ആദ്‌മിയെ തുണയ്‌ക്കുന്നത്. സാഹചര്യം മാറി മറിഞ്ഞില്ലെങ്കില്‍ ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലേക്ക് ആം ആദ്‌മി എത്തുമെന്ന് വ്യക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :