പട്ന|
VISHNU.NL|
Last Modified ശനി, 21 ജൂണ്‍ 2014 (13:13 IST)
ബോധ്ഗയയിലെ ബുദ്ധമത ക്ഷേത്രത്തിലെ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യമിട്ടത് മഹാബോധി ക്ഷേത്രമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. സ്ഫോടനക്കേസില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദേശീയ അന്വേഷണ സംഘത്തിന് (എന്‍ഐഎ) സുപ്രധാനമായ വിവരം ലഭിച്ചത്.
ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാരായ ഹൈദര്‍ അലി, മുജിബുള്ള തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവര്‍ എന്‍ഐഎ ഉദ്യോഗസ്ഥരൊട് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാബോധി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഫോടനം നടത്താനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടീരുന്നത്.
എന്നാല്‍ ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന തിരക്കുമൂലം ഇവര്‍ക്ക് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ വരികയയിരുന്നു. ബോധഗയയില്‍ തന്നെയാണ് ഇവര്‍ ലക്ഷ്യമിട്ട മഹബോധിക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ലക്ഷ്യമിട്ടതുപോലെ കാര്യങ്ങള്‍ നടന്നിരുന്നു എങ്കില്‍ വന്‍ ദുരന്തമാകും സംഭവിക്കുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് റാഞ്ചിയില്‍നിന്ന് ഹൈദര്‍ അലി അറസ്റ്റിലാകുന്നത്. 2013 ജൂലൈ ഏഴിനാണ് ബുദ്ധമതക്കാരുടെ പുണ്യസ്ഥലമായ ബോധഗയയില്‍ സ്ഫോടന പരമ്പര നടന്നത്. ഇതിനുപയോഗിച്ച ടൈംബോംബിനായി റാഞ്ചിയില്‍ നിന്നാണ് ഇവര്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.