പശ്ചിമ ബംഗാളില്‍ ബിജെപി അക്കൌണ്ട് തുറന്നു; ‌യുപിയില്‍ എസ്‌പിക്ക് ആശ്വാസജയം

ലക്നൌ/കൊല്‍ക്കത്ത| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (15:19 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ആദ്യമായി ബിജെപി അക്കൌണ്ട് തുറന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് നേടിയാണ് ബംഗാളില്‍ ബിജെപി ചരിത്ര ജയം നേടിയത്. ശേഷിക്കുന്ന ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ബംഗാളിലെ ബസീര്‍ഹട്ടില്‍ സാമിക് ഭട്ടാചാര്യയാണ് ബിജെപിക്ക്
ചരിത്ര വിജയം സമ്മാനിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിലെ ദീപേന്ദു ബിശ്വാസിനെയാണ് തോല്‍പിച്ചത്. 2011 ല്‍ സിപിഎമ്മിലെ നാരായണ്‍ മുഖോപാധ്യായ വിജയിച്ച സീറ്റാണിത്. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

എന്നാല്‍ സിറ്റിംഗ് സീറ്റായ ബസീര്‍ഹട്ടിലും ചൌരംഗിയിലും സിപിഎം നാലാം സഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൌരംഗിയില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. അതേസമയം ത്രിപുരയിലെ സിറ്റിംഗ് സീറ്റായ മാനു സിപിഎം നിലനിര്‍ത്തി.

അതേ‌സമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നു തരിപ്പണമായ സമാജ്‌വാദി പാര്‍ട്ടിക്ക്
ഉപതെരഞ്ഞെടുപ്പ് ഫലം ആശ്വാസമായി. വോട്ടെടുപ്പ് നടന്ന 11 സീറ്റില്‍ എട്ട് സീറ്റില്‍ എസ്പി വിജയിച്ചു. മൂന്നിടത്ത് ബിജെപിയും. മെയ്ന്‍പുരി ലോക്സഭ മണ്ഡലത്തിലും എസ്പിയാണ് വിജയക്കൊടി പാറിച്ചത്.

സഹാറന്‍പൂര്‍, ബിജ്നോര്‍, തക്കുര്‍ദ്വാര, നോയിഡ, നിഘാസന്‍, ലക്നൌ ഈസ്റ്റ്, ഹമിര്‍പുര്‍, ചര്‍ഖാരി, സിരാത്ത്, ബാല്‍ഹ, റൊഹാനിയ, നവാബ്ജാന്‍ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് മാസങ്ങള്‍ക്കു മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടിയ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം.അതേസമയം, വര്‍ഗീയ കക്ഷികളെ തൂത്തെറിയാനാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.

അസമില്‍ വോട്ടിംഗ് നടന്ന മൂന്ന് നിയമസഭ സീറ്റുകളില്‍ എഐയുഡിഎഫ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റുകള്‍ വീതം നേടി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :