ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (17:54 IST)
മോഡിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആവേശം പൂണ്ട് രാഷ്ട്ര പുനര്‍നിര്‍മ്മാനത്തിനായി ബിജെപിയുടെ ജനപ്രതിനിധികള്‍ തയ്യാറെടുക്കുന്നു. ഓരാ പാര്‍ലമെന്റംഗവും വര്‍ഷാവര്‍ഷം ഓരോ ഗ്രാമങ്ങളെ വീതം ദത്തെടുത്ത് മാതൃകാഗ്രാമങ്ങളായി വളര്‍ത്തണമെന്നും അഞ്ചുവര്‍ഷം കൊണ്ട് അഞ്ചു ഗ്രാമങ്ങളേയെങ്കിലും മാതൃകാ ഗ്രാമങ്ങളായി മാറ്റണമെന്നും മോഡി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതില്‍ പ്രചോദനം കൊണ്ടാണ് ഡല്‍ഹിയിലെ ബിജെപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഒരു സ്‌കൂളും ഒരു ചേരി പ്രദേശവും ഏറ്റെടുത്ത് ടോയ്‌ലെറ്റും കുടിവെള്ളവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഗ്രമങ്ങളെ ഉദ്ദരിക്കാന്‍ തയ്യാറെടുക്കുന്നത്. ബിജെപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഈ വര്‍ഷം തന്നെ അവരുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു കഴിഞ്ഞു.
രാഷ്ട്രത്തിന്റെ അറുപത്തി ഏഴാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് 2016ഓടെ തങ്ങളുടെ മണ്ഡലങ്ങളില്‍ ഓരോ മാതൃകാ ഗ്രാമങ്ങള്‍ വികസിപ്പിക്കാന്‍ മോഡി ആഹ്വാനം ചെയ്തത്. ഒരു മണ്ഡലത്തില്‍ ഒരു ഗ്രാമം വീതം മാതൃകാപരമായ രീതിയില്‍ വികസിപ്പിക്കണം. 2019ഓടെ രണ്ടുഗ്രാമങ്ങള്‍ കൂടി അങ്ങനെ വികസിപ്പിക്കാം. നമുക്കു രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കില്‍ ആദ്യം ഗ്രാമങ്ങളില്‍ നിന്നു തുടങ്ങണം. അഞ്ചുവര്‍ഷം കൊണ്ട് മൂന്നു ഗ്രാമങ്ങള്‍ വികസിപ്പിക്കാന്‍ ഓരോ എംപിയും തീരുമാനിച്ചാല്‍ രാജ്യത്തെ ധാരാളം ഗ്രാമങ്ങള്‍ പുരോഗതി ദര്‍ശിക്കും, മോഡി സന്ദേശത്തില്‍ പറഞ്ഞു.
ആഹ്വാനം വന്ന ശേഷം നിരവധി എംഎല്‍എമാരാണ് പദ്ധതി നടപ്പാക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. നിലവില്‍ ഡല്‍ഹിയിലെ എംഎല്‍എ ഫണ്ടിലേക്ക് എല്ലാ വര്‍ഷവും 4 കോടിയും കൗണ്‍സിലര്‍മാര്‍ക്ക് ഒരു കോടിയുമാണ് അവരുടെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. 29 എം എല്‍ എ മാരാണ് ബിജെപിക്ക് ഡല്‍ഹിയിലുള്ളത്.
രാജ്യതലസ്ഥാനത്ത് നിന്ന് തന്നെ ഇത് തുടങ്ങുന്നത് നല്ലതാണെന്നും ഇവിടെ മതിയായ ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകളും ചേരികളും ധാരാളം ഉണ്ടെന്നും പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ ടോയ്‌ലെറ്റ് പണിയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മുന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് സതീഷ് ഉപാധ്യായ് പറയുന്നു. വളരെ വേഗം തന്നെ ഡല്‍ഹി ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.