അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (20:15 IST)
അഫ്‌ഗാനിസ്താനിൽ നിന്നും ഇന്ത്യയ്ക്ക് നേരെ എന്തെങ്കിലും ഭീകരപ്രവർത്തനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് താലിബാന് മുന്നറിയിപ്പ് നൽകി സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അഫ്ഗാനിസ്താനില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനം ഉണ്ടാവുകയാണെങ്കിൽ രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ അത് കൈകാര്യം ചെയ്യും. അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം സഹകരിക്കുന്നവരുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണെന്ന് വ്യക്തമാക്കിയ ബിപിൻ റാവത്ത്. ഇന്‍ഡോ- പസഫിക് മേഖലയിലെ പ്രശ്നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും വിശദീകരിച്ചു.
ഇന്ത്യയുടെ വടക്ക് ഭാഗത്തും പടിഞ്ഞാറുഭാഗത്തും ആണവശക്തികളാണെന്ന് ചൈന, പാകിസ്താന്‍ എന്നിവരുടെ പേരെടുത്ത് പറയാതെ റാവത്ത് പരാമര്‍ശിച്ചു. പരമ്പരാഗതമായി വളരെ ശക്തരാണ് ഇന്ത്യയെന്നും എതിരാളികളെ പരമ്പരാഗത സേന ഉപയോഗിച്ച് തന്നെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.